| Friday, 9th May 2025, 2:38 pm

മെസി ഇന്റര്‍ മയാമിയുമായി കരാര്‍ പുതുക്കിയേക്കില്ല: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റൈന്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി. ഫുട്‌ബോളില്‍ കരിയറില്‍ 859 ഗോളുകള്‍ നേടിയാണ് അര്‍ജന്റൈന്‍ നായകന്‍ മുന്നേറുന്നത്. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.

എന്നാലിപ്പോള്‍ മെസി ഇന്റര്‍ മയാമിയില്‍ തുടര്‍ന്നേക്കില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. എം.എല്‍.എസ് ടീമുമായി താരത്തിന്റെ കരാര്‍ അവസാനിക്കാന്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

2025 അവസാനത്തോടെയാണ് കരാര്‍ അവസാനിക്കുക. ഇതിനിടെയിലാണ് കരാര്‍ പുതുക്കില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ക്ലാരോ സ്‌പോര്‍ട്‌സിലെ ജേര്‍ണലിസ്റ്റ് ജോസ് അര്‍മാന്‍ഡോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ഈ സീസണിന് ശേഷം മെസി മയാമിയില്‍ തുടരാനുള്ള സാധ്യത 50 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോഡി ആല്‍ബ, ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെയും സ്ഥിതി ഇതുതന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മെയ് 1 വരെ, ലയണല്‍ മെസി ഇന്റര്‍ മയാമിയുമായി കരാര്‍ വിപുലീകരണത്തില്‍ ഒപ്പുവച്ചിട്ടില്ല. ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ലൂയിസ് സുവാരസ് എന്നിവര്‍ക്കും ഇത് ബാധകമാണ്,’ അര്‍മാന്‍ഡോ പറഞ്ഞു.

ഇന്റര്‍ മയാമി ഉടമയായ ജോര്‍ജ് മാസ് കഴിഞ്ഞ മാസം മെസിയുമായി കരാര്‍ പുതുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്നതായി പറഞ്ഞിരുന്നു. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ താരവുമായുള്ള കരാര്‍ പുതുക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നു.

അതേസമയം, 2023ലാണ് മെസി ബാഴ്സലോണ വിട്ട് ഇന്റര്‍ മയാമിയില്‍ എത്തുന്നത്. ടീമിനായി മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് സീസണുകളില്‍ നിന്ന് മെസി 43 ഗോളുകളും 20 അസിസ്റ്റുകളും ഇന്റര്‍ മയാമിക്കായി നേടിയിട്ടുണ്ട്.

Content Highlight: Football: Lionel Messi will not extend contract with Inter Miami: Report

We use cookies to give you the best possible experience. Learn more