| Sunday, 18th May 2025, 12:15 pm

ഞാനും ക്രിസ്റ്റ്യാനോയും അക്കാര്യത്തില്‍ ഒരു പോലെയാണ്; തുറന്ന് പറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോളില്‍ തലമുറ മാറ്റമുണ്ടായിട്ടും ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ടവര്‍. ഇരുവരും യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് പുതിയ തട്ടകങ്ങളിലേക്ക് ചേക്കേറിയിട്ടും യുവതാരങ്ങള്‍ സ്‌പോട്ട്‌ലൈറ്റിലേക്കെത്തിയിട്ടും ഇന്നും ഫുട്‌ബോളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇവരെ കുറിച്ചാണ്.

മെസിയെയും റൊണാള്‍ഡോയെയും കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ കടന്നുപോകുന്നത് വളരെ വിരളമാണ്. ഇവരില്‍ മികച്ച താരമാര് എന്ന ചോദ്യം ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ഇരു ചേരിയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ളതാണ്.

മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

ഇപ്പോള്‍ ഇരുവരും ഒരുമിച്ച് ലോകത്തെ പ്രധാനപ്പെട്ട ലീഗുകളില്‍ കളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ലയണല്‍ മെസി. തങ്ങളുടെ റൈവല്‍റി വളരെ മനോഹരമായിരുന്നുവെന്നും രണ്ടുപേരും വളരെ മത്സരബുദ്ധിയുള്ളവരായതിനാല്‍ മികച്ചവരാകാന്‍ പരസ്പരം പ്രേരിപ്പിച്ചുവെന്നും മെസി പറഞ്ഞു.

ക്രിസ്റ്റ്യാനോ എപ്പോഴും എല്ലാം നേടാനും എല്ലാവരെയും തോല്‍പ്പിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും തങ്ങള്‍ക്കും ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആളുകള്‍ക്കും അത് സുവര്‍ണ കാലഘട്ടമായിരുന്നുവെന്നും അര്‍ജന്റൈന്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. ബാലണ്‍ ഡി ഓറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ലയണല്‍ മെസി.

‘എപ്പോഴും അത് ഒരു പോരാട്ടമായിരുന്നു. ഞങ്ങളുടെ റൈവല്‍റി വളരെ മനോഹരമായിരുന്നു. രണ്ടുപേരും വളരെ മത്സരബുദ്ധിയുള്ളവരായതിനാല്‍ മികച്ചവരാകാന്‍ ഞങ്ങളെ അത് പരസ്പരം പ്രേരിപ്പിച്ചു.

ക്രിസ്റ്റ്യാനോ എപ്പോഴും എല്ലാം നേടാനും എല്ലാവരെയും തോല്‍പ്പിക്കാനും ആഗ്രഹിച്ചിരുന്നു. ഞാനും അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ക്കും ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആളുകള്‍ക്കും അത് ഒരു സുവര്‍ണ കാലഘട്ടമായിരുന്നു,’ മെസി പറഞ്ഞു.

തങ്ങള്‍ നേടിയ നേട്ടങ്ങള്‍ക്ക് ക്രെഡിറ്റ് ആവശ്യമാണെന്നും ടോപ്പില്‍ തുടരുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവുമെന്നും മെസി കൂട്ടിച്ചേര്‍ത്തു.

‘ഇത്രയും നീണ്ട കാലയളവില്‍ ഞങ്ങള്‍ നേടിയ നേട്ടത്തിന് വലിയ ക്രെഡിറ്റ് ആവശ്യമാണ്. കാരണം അവര്‍ പറയുന്നതുപോലെ, മുകളില്‍ എത്താന്‍ എളുപ്പമാണ്, പക്ഷേ അവിടെ തന്നെ തുടരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്,’ മെസി പറഞ്ഞു.

കരിയറിലെ അവസാന കാലഘട്ടത്തിലൂടെയാണ് മെസിയും റൊണാള്‍ഡോയും കടന്ന് പോവുന്നത്. നിലവില്‍ ലയണല്‍ മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമി താരമാണ്. അതേസമയം, സൗദി പ്രൊ ലീഗ് ടീമായ അല്‍ നസറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്ളത്.

Content Highlight: Football: Lionel Messi speaks about the rivalry between him and Cristiano Ronaldo

We use cookies to give you the best possible experience. Learn more