| Friday, 23rd May 2025, 1:17 pm

2022ലേതല്ല, ലോകകപ്പ് നേടാന്‍ സഹായിച്ചതുമല്ല; മറ്റൊരു കപ്പ് നേടിത്തന്ന ഗോളാണ് എന്റെ പ്രിയപ്പെട്ടത്: മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ എത്ര തലമുറ മാറ്റമുണ്ടായാലും എത്രയെത്ര താരങ്ങള്‍ മുഖ്യധാരയില്‍ എത്തിയാലും ആരാധകരുടെ മനസില്‍ ഒരിടം തീര്‍ച്ചയായും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കുണ്ടാവും. അയാള്‍ കളിക്കളത്തില്‍ തീര്‍ത്ത വിസമയങ്ങള്‍ എന്നും ഓര്‍ത്തിരിക്കുകയും ചെയ്യും.

ആരാധകരുടെ പ്രിയ ലിയോയുടെ മനോഹര ഗോളുകള്‍ക്ക് എന്നും ഒരിടം ഫുട്‌ബോള്‍ ലോകം മാറ്റിവെക്കും. തന്റെ 20 വര്‍ഷത്തിലധികമുള്ള കരിയറില്‍ 860 ഗോളുകള്‍ മെസി സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ എന്നും ഓര്‍ത്തിരിക്കുന്നതും പ്രിയപെട്ടതുമായ ഗോളുകള്‍ ഏതെന്ന് ചോദിച്ചാല്‍ ആരാധകരുടെ ഉത്തരം വ്യത്യസ്തമായിരിക്കും.

എന്നാല്‍ മെസിക്കോ? ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. 2009ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരെ നേടിയ ഹെഡറാണ് തന്റെ പ്രിയപ്പെട്ട ഗോളായി താരം തെരഞ്ഞെടുത്തത്.

ആ ഗോളിന്റെ പ്രാധാന്യം അതിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍ മയാമി സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മെസി.

‘ഞാന്‍ ഒരുപാട് ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ എത്രയോ ഭംഗിയുള്ളതും പ്രാധ്യാനമുള്ളതുമായ ഗോളുകളുണ്ട്. പക്ഷേ, ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരെ നേടിയ ഹെഡര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.

അത് നടന്ന നിമിഷം കാരണം, അതിന്റെ പ്രാധാന്യം കൊണ്ട്, അതെങ്ങനെ ഒരു മറക്കാനാവാത്ത ഒരു വര്‍ഷം സമ്മാനിച്ചുവെന്നതിനാലാണ് എനിക്ക് ആ ഗോള്‍ പ്രിയപ്പെട്ടതായത്. എനിക്ക് അതാണ് മറ്റ് ഏതിനേക്കാളും അര്‍ത്ഥവത്തായ ഗോള്‍,’ മെസി പറഞ്ഞു.

2009 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണ ജയം സ്വന്തമാക്കിയിരുന്നു. 70ാം മിനിറ്റില്‍ മെസി നേടിയ ഹെഡര്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു.

Content Highlight: Football: Lionel Messi his header against Manchester United in UEFA Champion League Final 2009 as his favorite goal

We use cookies to give you the best possible experience. Learn more