| Friday, 20th June 2025, 4:23 pm

മയാമിയിലും വേട്ട തുറന്ന് മെസി; പിന്നിട്ടത് സൂപ്പർ മൈൽസ്‌റ്റോൺ

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ് ലോകകപ്പിൽ ലയണൽ മെസിയുടെ ഇന്റർ മയാമി തങ്ങളുടെ രണ്ടാം മത്സരത്തിൽ വിജയിച്ചിരുന്നു. അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്.സി പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മയാമിയുടെ വിജയം. മത്സരത്തിൽ മെസിയുടെ കരുത്തിലാണ് ടീം വിജയിച്ചത്.

ഇന്റർ മയാമിയുടെ വിജയ ഗോൾ കണ്ടെത്തിയത് സൂപ്പർ താരം ലയണൽ മെസിയായിരുന്നു. 54ാം മിനിറ്റിൽ താരം ഫ്രീക്കിക്കിലൂടെ നേടിയ ഗോളാണ് ടീമിന് വിജയം സമ്മാനിച്ചത്.

ക്ലബ് ലോകകപ്പിൽ മയാമിക്കായി ഗോൾ സ്കോർ ചെയ്തതിലൂടെ മെസി ഒരു സൂപ്പർ നേട്ടവും സ്വന്തമാക്കി. എഫ്.സി. പോർട്ടോക്കെതിരെ അടിച്ച ഗോൾ താരത്തിന്റെ ഇന്റർ മയാമി കരിയറിലെ 50ാം ഗോളായിരുന്നു. ക്ലബ്ബിനായുള്ള തന്റെ 61മത്തെ മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്. 2023ലാണ് യൂറോപ്പ് വിട്ട് മെസി ഇന്റർ മയാമിലെത്തുന്നത്. 50 ഗോളുകൾക്ക് പുറമെ താരം ക്ലബ്ബിനായി 23 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

മെസി തന്റെ കരിയർ വളർത്തിയെടുത്ത ബാഴ്‌സലോണയിൽ ഈ നേട്ടത്തിലെത്താൻ താരത്തിന് 119 മത്സരങ്ങൾ വേണ്ടിയിരുന്നു. അർജന്റീന ദേശീയ ടീമിൽ ഈ നാഴികക്കല്ല് പിന്നിട്ടത് 107 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയാണ്.

മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ഇന്റർ മയാമി രണ്ട് ഗോൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. എട്ടാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ എഫ്.സി പോർട്ട ഗോൾ കണ്ടെത്തിയിരുന്നു. യൂറോപ്യൻ ക്ലബ്ബിനായി സമു അഗെഹോവയാണ് വല കുലുക്കിയത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വെനസ്വേല താരം ടെലസ്കോ സെഗോവിയയിലൂടെ മയാമി സമനില ഗോൾ കണ്ടെത്തി. ആക്രമിച്ച് കളിച്ച് ഏഴ് മിനിറ്റുകൾക്കകം തന്നെ മെസിയുടെ മയാമി വീണ്ടും പോർട്ടോയുടെ വല കുലുക്കി. ഇതോടെ ഇന്റർ മയാമി ക്ലബ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം നേടുകയായിരുന്നു.

അതേസമയം, ക്ലബ് ലോകകപ്പിൽ മെസിയുടെ ഇന്റർ മയാമിയുടെ അടുത്ത മത്സരം ജൂൺ 24നാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിയൻ ക്ലബ് പൽമീറസുമായാണ്. ടൂർണമെന്റിലെ ആദ്യ കളിയിൽ അൽ ആഹ്‌ലിയോട് സമനില വഴങ്ങിയതിനാൽ ഈ മത്സരം പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ഇന്റർ മയാമിക്ക് നിർണായകമായിരിക്കും.

Content Highlight: Football: Lionel Messi completed 50 goals for Inter Miami

We use cookies to give you the best possible experience. Learn more