| Friday, 20th June 2025, 10:02 am

റൊണാൾഡോയെന്നല്ല, മറ്റൊരു താരവുമില്ല; അപൂർവ നേട്ടത്തിൽ കൊമ്പൻ മെസി തന്നെ!

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ് ലോകകപ്പിൽ ആവേശ ജയവുമായി ലയണൽ മെസിയുടെ ഇന്റർ മയാമി. അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്.സി പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മയാമിയുടെ വിജയം. വിജയത്തോടെ മയാമി നാല് പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.

മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ഇന്റർ മയാമി രണ്ട് ഗോൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. എട്ടാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ എഫ്.സി പോർട്ടോ ഗോൾ കണ്ടെത്തിയിരുന്നു. യൂറോപ്യൻ ക്ലബ്ബിനായി സമു അഗെഹോവയാണ് വല കുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മയാമിയുടെ വെനസ്വേല താരം ടെലസ്കോ സെഗോവിയ സമനില ഗോൾ നേടി. ആക്രമിച്ച് കളിച്ച് ഏഴ് മിനിറ്റുകൾക്കകം തന്നെ മയാമി വീണ്ടും പോർട്ടോയുടെ വല കുലുക്കി. ടീമിനായി രണ്ടാം ഗോൾ നേടിയത് സൂപ്പർ താരം ലയണൽ മെസിയാണ്. ബോക്‌സിന് അടുത്ത് ലഭിച്ച ഫ്രീകിക്ക് ഗോൾ കീപ്പറുടെ ഇടത് വശത്ത് കൂടി അതിമോനോഹരമായി വലയിലെത്തിച്ചാണ് അർജന്റൈൻ ഇതിഹാസം ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തിൽ ഗോൾ നേട്ടത്തിന് പിന്നാലെ ഒരു സൂപ്പർ നേട്ടവും ലയണൽ മെസി സ്വന്തം പേരിൽ എഴുതി കുറിച്ചു. ഫുട്ബോൾ ചരിത്രത്തിൽ 1250 ഗോൾ കോണ്ട്രിബൂഷൻസ്‌ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.

മെസി 1106 മത്സരങ്ങളിൽ നിന്ന് 866 ഗോളുകളാണ് എതിരാളികളുടെ വലയിൽ എത്തിച്ചത്. കൂടാതെ, 384 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇതിൽ 112 ഗോളുകളും 58 അസിസ്റ്റുകളും നേടിയത് അർജന്റീനയുടെ കുപ്പായത്തിലാണ്. ബാക്കി ശേഷിക്കുന്ന ഗോൾ കോണ്ട്രിബൂഷൻസ്‌ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞാണ് താരം സ്വന്തം അക്കൗണ്ടിലാക്കിയത്.

മെസിയോടൊപ്പം എന്നും ലോക ഫുട്ബോളിൽ ചർച്ച ചെയ്യപ്പെടുന്ന പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തിൽ താരത്തിന് ഏറെ പിന്നിലാണ്. റോണോയുടെ പേരിൽ 1281 മത്സരങ്ങളിൽ നിന്ന് 1195 ഗോൾ കോണ്ട്രിബൂഷൻസാണുള്ളത്. 938 ഗോളുമായി പോർച്ചുഗൽ താരം മുമ്പിലാണെങ്കിലും 257 അസിസ്റ്റുകൾ മാത്രമാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരിൽ ചേർത്തിട്ടുള്ളത്.

അതേസമയം, ക്ലബ് ലോകകപ്പിൽ മെസിയുടെ ഇന്റർ മയാമിയുടെ അടുത്ത മത്സരം ജൂൺ 24നാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിയൻ ക്ലബ് പൽമീറസുമായാണ്. ടൂർണമെന്റിലെ ആദ്യ കളിയിൽ അൽ അഹ്‌ലിയോട് സമനില വഴങ്ങിയ തിനാൽ ഈ മത്സരം പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ഇന്റർ മയാമിക്ക് നിർണായകമായിരിക്കും.

Content Highlight: Football: Lionel Messi became the first player in the football History to reach 1250 Goal contributions

We use cookies to give you the best possible experience. Learn more