| Saturday, 21st June 2025, 1:23 pm

മെസി ഫ്രീകിക്കിൽ പിറന്നത് പുതു ചരിത്രം; ഇത്തവണ വെട്ടിയത് ബ്രസീലിയൻ ഇതിഹാസത്തെ!

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ് ലോകകപ്പിൽ കഴിഞ്ഞ ദിവസം ലയണൽ മെസിയുടെ ഇന്റർ മയാമി വിജയം സ്വന്തമാക്കിയിരുന്നു. അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്.സി പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മയാമിയുടെ വിജയം. മത്സരത്തിൽ മെസിയുടെ കരുത്തിലാണ് ടീം പോർച്ചുഗൽ ക്ലബ്ബിനെ പരാജയപ്പെടുത്തിയത്.

ഇന്റർ മയാമിയുടെ വിജയ ഗോൾ കണ്ടെത്തിയത് സൂപ്പർ താരം ലയണൽ മെസിയായിരുന്നു. 54ാം മിനിറ്റിൽ താരം ഫ്രീക്കിക്കിലൂടെ നേടിയ ഗോളാണ് ടീമിന് വിജയം സമ്മാനിച്ചത്. ബോക്സിന് അടുത്തുനിന്ന് ലഭിച്ച ഫ്രീകിക്ക്, പോസ്റ്റിലെ ലെഫ്റ്റ് ടോപ്പ് ബോട്ടം കോര്‍ണറില്‍ ഫിനിഷ് ചെയ്യുകയായിരുന്നു അർജന്റൈൻ ഇതിഹാസം.

ടൂർണമെന്റിൽ മയാമിക്കായി ഗോൾ സ്കോർ ചെയ്തതിലൂടെ മെസി ഒരു സൂപ്പർ നേട്ടവും സ്വന്തമാക്കി. ഫിഫ ടൂര്ണമെന്റുകളുടെ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി മാറാനാണ് താരത്തിന് സാധിച്ചത്. ഫിഫയുടെ 10 ടൂർണമെന്റുകളിൽ നിന്ന് 25 ഗോളുകൾ നേടിയാണ് മെസി ഈ സ്വന്തം അക്കൗണ്ടിൽ ചേർത്തത്.

ബ്രസീലിയൻ വനിതാ ഫുട്ബോൾ ഇതിഹാസം മാർത്തയുടെ റെക്കോഡ് മറികടന്നാണ് മെസി ഈ നേട്ടത്തിലെത്തിയത്. ബ്രസീലിയൻ താരം 2002 മുതൽ 2023 വരെയുള്ള കാലയളവിൽ യൂത്ത്, സീനിയർ ടീമുകളിൽ ലോകക്കപ്പുകളിൽ സ്കോർ ചെയ്താണ് ഈ നേട്ടം കൈപ്പിടിയിൽ ആക്കിയിരുന്നത്. താരം 24 ഗോളുകളായിരുന്നു വിവിധ ടൂർണമെന്റുകളിൽ സ്കോർ ചെയ്തിരുന്നത്.

ഇപ്പോൾ ഈ നേട്ടമാണ് മെസി തന്റെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. താരം നേടിയ ഈ 25 ഗോളുകളുകൾ കഴിഞ്ഞ 20 വർഷം വിവിധ തലത്തിൽ കളിച്ച് നേടിയതാണ്. ഇതിൽ ആറെണ്ണം താരം ആകെ കളിച്ച ഫിഫ യൂത്ത് ടൂർണമെന്റായ 2005ൽ നെതർലാൻഡ്‌സിൽ നടന്ന U-20 ലോകകപ്പിൽ നേടിയതാണ്. കൂടാതെ അർജന്റീന സീനിയർ ടീമിനായി 13 ഗോളുകളുകളും മെസി സ്കോർ ചെയ്തിട്ടുണ്ട്.

ബാക്കിയുള്ള ഗോളുകൾ മെസി മൂന്ന് ക്ലബ് വേൾഡ് കപ്പിൽ ബൂട്ടണിഞ്ഞ് നേടിയതാണ്. അതിൽ അഞ്ചും ബാഴ്‌സലോണയ്‌ക്കായി കളത്തിൽ ഇറങ്ങിയാണ് താരം സ്കോർ ചെയ്തത്. പോർട്ടോയ്‌ക്കെതിരെ സ്കോർ ചെയ്തതോടെ മെസിയുടെ ഗോൾ 25 ആക്കി ഉയർത്തി. ഒപ്പം ഈ സൂപ്പർ നേട്ടം സമ്മാനിക്കുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസം മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ഇന്റർ മയാമി രണ്ട് ഗോൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. എട്ടാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ എഫ്.സി പോർട്ടോ ഗോൾ കണ്ടെത്തിയിരുന്നു. ക്ലബ്ബിനായി സമു അഗെഹോവയാണ് വല കുലുക്കിയത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വെനസ്വേല താരം ടെലസ്കോ സെഗോവിയയിലൂടെ മയാമി സമനില ഗോൾ കണ്ടെത്തി. ആക്രമിച്ച് കളിച്ച് ഏഴ് മിനിറ്റുകൾക്കകം തന്നെ മെസിയിലൂടെ മയാമി വീണ്ടും പോർട്ടോയുടെ വല കുലുക്കുകയായിരുന്നു. ഇതോടെ ഇന്റർ മയാമി ഈ ക്ലബ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം അറിഞ്ഞു.

ടൂർണമെന്റിൽ ഇന്റർ മയാമിയുടെ അടുത്ത മത്സരം ജൂൺ 24നാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിയൻ ക്ലബ് പൽമീറസുമായാണ് ടീമിന്റെ മത്സരം. ടൂർണമെന്റിലെ ആദ്യ കളിയിൽ അൽ ആഹ്‌ലിയോട് സമനില വഴങ്ങിയതിനാൽ ഈ മത്സരം പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ഇന്റർ മയാമിക്ക് നിർണായകമായിരിക്കും.

Content Highlight: Football: Lionel Messi became all – time leading goal scorer in FIFA Competitions

We use cookies to give you the best possible experience. Learn more