| Saturday, 10th May 2025, 3:51 pm

മെസിയല്ല; ഇഷ്ട താരത്തെ തെരഞ്ഞെടുത്ത് ലാമിന്‍ യമാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങള്‍ കൊണ്ട് വലിയ ആരാധക ശ്രദ്ധ നേടിയ താരമാണ് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. 17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം താരം ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

കളി ശൈലി കൊണ്ടും മൈതാനത്ത് കാണിക്കുന്ന മികവ് കൊണ്ടും പലപ്പോഴും യമാലിനെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമായി താരതമ്യപ്പെടുത്താറുണ്ട്.

ഇപ്പോള്‍ തന്റെ ഇഷ്ട ഫുട്‌ബോളറെ കുറിച്ച് സംസാരിക്കുകയാണ് ലാമിന്‍ യമാല്‍. ബാഴ്സയ്ക്ക് പുറത്തെ ഇഷ്ട താരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉസ്മാന്‍ ഡെംബലെയും ബുകായോ സാക്കയും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെന്ന് താന്‍ കരുതുന്നുവെന്ന് യമാല്‍ പറഞ്ഞു.

‘ഇപ്പോള്‍, ബാഴ്സയ്ക്ക് പുറത്ത്, ഉസ്മാന്‍ ഡെംബലെയും ബുകായോ സാക്കയും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു,’ യമാല്‍ പറഞ്ഞു.

കളിക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റേഡിയങ്ങളെ കുറിച്ചും യമാല്‍ സംസാരിച്ചു. താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ഐക്കോണിക് സ്റ്റേഡിയങ്ങള്‍ ഓള്‍ഡ് ട്രാഫോര്‍ഡും ആന്‍ഫീല്‍ഡുമാണെന്നും യമാല്‍ വ്യക്തമാക്കി.

‘ഞാന്‍ ഇതുവരെ പോയിട്ടില്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്, പ്രത്യേകിച്ച് യൂറോപ്പിന് പുറത്ത്. യൂറോപ്പില്‍, ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ഐക്കോണിക് സ്റ്റേഡിയങ്ങള്‍ ഓള്‍ഡ് ട്രാഫോര്‍ഡും ആന്‍ഫീല്‍ഡുമാണ്,’ യമാല്‍ കൂട്ടിച്ചേര്‍ത്തു.

ബാഴ്സസലോണക്കായി ഈ സീസണില്‍ മിന്നും പ്രകടനമാണ് യമാല്‍ കാഴ്ച വെക്കുന്നത്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ടീമിന്റെ വിജയങ്ങളില്‍ യമാല്‍ നിര്‍ണായകമായ സാന്നിധ്യമായിരുന്നു. 51 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 24 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്

Content Highlight: Football: Lamine Yamal select his favorite footballer, it’s not Lionel Messi

We use cookies to give you the best possible experience. Learn more