ഫുട്ബാള്‍ ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന താരങ്ങളാണ് സ്‌പെയ്ന്‍ യുവതാരം ലാമിന്‍ യമാലും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളെ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. കളിക്കളത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഇരുവരിലും ആരാണ് മികച്ചവനെന്ന് ആരാധകരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.
ഇന്ന് നടന്ന യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തോടെ ഇരുവരെയും കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും മുറുകുകയാണ്. നാലിനെതിരെ അഞ്ച് ഗോളുകള്‍ അടിച്ച് സ്‌പെയ്ന്‍ കലാശപ്പോരിന് യോഗ്യത നേടിയിരുന്നു.
സെമി ഫൈനല്‍ മത്സരത്തില്‍ ഇരുവരും ഗോളുകളും നേടിയിരുന്നു. ബാഴ്സ താരമായ ലാമിന്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ എംബാപ്പെ ഒരു ഗോളും സ്‌പെയ്‌നിന്റെ വലയിലെത്തിച്ചു. ഈ വിജയത്തോടെ ഫ്രഞ്ച് താരത്തിനെതിരെ തുടര്‍ച്ചയായ ആറാം വിജയം നേടാന്‍ യമാലിന് സാധിച്ചു.
ഇരുവരും ക്ലബ് ഫുട്‌ബോളിലും ദേശീയ ടീമുകളിലുമായി എട്ട് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ഏഴ് തവണയും ലാ റോജയുടെ കുട്ടിപ്പടയാളിയുടെ സംഘത്തിനായിരുന്നു. പി.എസ്.ജിയില്‍ കളിച്ചിരുന്ന സമയത്ത് നേടിയ ഒരൊറ്റ വിജയമാണ് എംബാപ്പെയ്ക്ക് അവകാശപ്പെടാനുള്ളത്.
2024 യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലില്‍ പി.എസ്.ജിയും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിലാണ് ആദ്യമായി ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഒന്നാം പാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്സ വിജയം സ്വന്തമാക്കി. പക്ഷെ രണ്ടാം പാദത്തില്‍ വിജയം പി.എസ്.ജിക്കൊപ്പമായിരുന്നു. 4 – 1ന്റെ വിജയത്തില്‍ എംബാപ്പെ രണ്ട് വട്ടം ബാഴ്സയുടെ വല കുലുക്കിയിരുന്നു. ഇരുവര്‍ക്കുമിടയിലുള്ള പോരാട്ടങ്ങളില്‍ ഇതുമാത്രമാണ് ഫ്രഞ്ച് താരത്തിന്റെ പേരിലുള്ള വിജയം.
പിന്നീട് ഇരുവരും കളത്തിലിറങ്ങിയ മത്സരത്തില്‍ പൂര്‍ണ ആധിപത്യം ലാമിന്‍ ഒപ്പമായിരുന്നു. അടുത്ത മത്സരം ദേശീയ ടീമുകള്‍ക്കൊപ്പമായിരുന്നു. 2024 യുവേഫ യൂറോയില്‍ സ്‌പെയ്‌നും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ 2 – 1ന്റെ വിജയമായിരുന്നു ലാമിന്റെ സംഘം നേടിയത്. അതില്‍ ഒരു ഗോള്‍ നേടാനും താരത്തിനായിരുന്നു.
റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയ എംബാപ്പെ പിന്നീട് യമാലിനെതിരെ പന്ത് തട്ടിയത് എല്‍ ക്ലാസിക്കോയിലായിരിക്കുന്നു. ഈ സീസണില്‍ നടന്ന നാല് എല്‍ ക്ലാസിക്കോയിലും വിജയം ബാഴ്സ സ്വന്തമാക്കി. രണ്ട് വിജയങ്ങള്‍ ലാലിഗയിലായിരുന്നെങ്കില്‍ മറ്റ് രണ്ട് വിജയങ്ങള്‍ സൂപ്പര്‍കോപ ഡി എസ്പാനയിലും കോപ ഡെല്‍ റേയിലുമായിരുന്നു.
Content Highlight: Football: Lamine Yamal registered sixth consecutive win against Kylian Mbappe’s team