ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ എഫ്.സി ബാഴ്സലോണ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കോംപാനീസില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് കറ്റാലന്‍മാര്‍ വിജയിച്ചുകയറിയത്.
മത്സരത്തില്‍ ബാഴ്സക്കായി റഫീന്യ ഇരട്ട ഗോളും ലാമിന്‍ യമാല്‍, എറിക് ഗാര്‍ഷ്യ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. മറുവശത്ത് റയലിന്റെ മൂന്ന് ഗോളും നേടിയത് കിലിയന്‍ എംബാപ്പെയാണ്.
ആദ്യ വിസില്‍ മുഴങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ എംബാപ്പെ പെനാല്‍ട്ടിയിലൂടെ റയലിനെ മുമ്പിലെത്തിച്ചിരുന്നു. ആദ്യ ഗോള്‍ പിറന്ന് കൃത്യം ഒമ്പതാം മിനിട്ടില്‍ എംബാപ്പെ രണ്ടാം ഗോളും കണ്ടെത്തി. 70ാം മിനിട്ടില്‍ വീണ്ടും ബാഴ്സ വല കുലുക്കിയാണ് താരം ഹാട്രിക്ക് തികച്ചത്.
എല്‍ ക്ലാസിക്കോയിലെ ഈ ഹാട്രിക്ക് പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ നേട്ടവും എംബാപ്പെ സ്വന്തമാക്കി. റയല്‍ മാഡ്രിഡിനായി അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് 26കാരന്‍ കുറിച്ചത്.
അരങ്ങേറ്റ സീസണില്‍ 39 ഗോളുകള്‍ വലയിലെത്തിച്ചാണ് എംബാപ്പെ ഈ സുവര്‍ണ നേട്ടത്തിലെത്തിയത്. 1992-93 സീസണില്‍ ഇവാന്‍ സമോറാനോ 37 ഗോള്‍ അടിച്ച് സൃഷ്ടിച്ച റെക്കോഡാണ് ഫ്രാന്‍സ് താരം മറികടന്നത്.
റയലിനായി മത്സരത്തിലെ രണ്ടാം ഗോള്‍ 14ാം മിനിട്ടില്‍ ഗോള്‍ പോസ്റ്റിലെത്തിച്ചാണ് എംബാപ്പെയെ ഒരു പതിറ്റാണ്ടിനപ്പുറം റയലിന്റെ ചരിതം തിരുത്തികുറിച്ചിരിക്കുന്നത്. ഈ സീസണില്‍ ക്രിസ്റ്റ്യാനോ (33), വാന്‍ നിസ്റ്റല്‍റൂയ് (33) തുടങ്ങിയ ഇതിഹാസങ്ങളെയും എംബാപ്പെ മറികടന്നിരുന്നു.
ഈ നേട്ടത്തിന് പുറമെ ലാലിഗയിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമാതാവാനും എംബാപ്പെയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ 27 ഗോളുമായാണ് താരം തലപ്പത്തിരിക്കുന്നത്.
എല്‍ ക്ലാസിക്കോയിലെ തോല്‍വിയോടെ ലാലിഗയില്‍ ബാഴ്‌സയുമായുള്ള റയലിന്റെ പോയിന്റ് വ്യതാസം ഏഴായി വര്‍ധിച്ചു. ഇതോടെ റയലിന്റെ കിരീട സാധ്യതയും മങ്ങി.
മെയ് 15നാണ് റയലിന്റെ ലാലിഗയിലെ അടുത്ത മത്സരം കളിക്കുന്നത്. സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ മല്ലോര്‍കയാണ് എതിരാളികള്‍.
Content Highlight: Football: Kylian Mbappe bagged the record of most goals for Real Madrid in debut Season