| Tuesday, 17th June 2025, 12:47 pm

ക്രിസ്റ്റ്യാനോ മികച്ചവരിൽ മികച്ചവൻ; പ്രശംസുമായി ബ്രസീലിയൻ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരത്തിന്റെ കരുത്തിൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ തകർത്ത് പോർച്ചുഗൽ കിരീടമുയർത്തിയിരുന്നു. അതോടെ വീണ്ടും അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാവുകയാണ്.

ക്രിസ്റ്റ്യാനോയോടയൊപ്പം തന്നെ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരാളാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും. ഇരുവരിലും ആരാണ് ഏറ്റവും മികച്ചവെന്ന ചോദ്യം എന്നും ഫുട്ബോൾ ആരാധകരെ ഭിന്നിപ്പിക്കുകയും രണ്ട് ചേരികളിലുമാക്കാറുണ്ട്.

ഇപ്പോൾ ഇരുവരിൽ ആരാണ് മികച്ചവനെന്ന് തുറന്ന് പറയുകയാണ് ബ്രസീലിയൻ ഇതിഹാസം കക്ക. മെസി നല്ലൊരു ഫുട്ബോളറാണെന്നും എന്നാൽ ക്രിസ്റ്റ്യാനോ മികച്ചവരിൽ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. റൊണാൾഡോ ഫുട്ബോളിൽ ഏറ്റവും പെർഫെക്ടായിട്ടുള്ള താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മെസി നല്ലൊരു ഫുട്ബോളറാണ്. പക്ഷേ, ക്രിസ്റ്റ്യാനോ മികച്ചവരിൽ ഏറ്റവും മികച്ചതാണ്. അവനാണ് ഫുട്ബോളിൽ ഏറ്റവും പെർഫെക്ടായിട്ടുള്ള താരം,’ കക്ക പറഞ്ഞു.

നേഷൻസ് ലീഗിൽ പോർച്ചുഗൽ രണ്ടാം കിരീടം സ്വന്തമാക്കിയപ്പോൾ റൊണാള്‍ഡോ തന്റെ കരിയറിലെ 36ാം ട്രോഫിയാണ് നേടിയത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം മൂന്ന് കിരീടം സ്വന്തമാക്കിയ താരം വിവിധ ക്ലബ്ബുകള്‍ക്കൊപ്പമാണ് ശേഷിച്ച ടൈറ്റിലുകള്‍ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോ ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത് (16 എണ്ണം).

രണ്ട് ലാലിഗ കിരീടം, രണ്ട് കോപ്പ ഡെല്‍ റേ, രണ്ട് സൂപ്പര്‍ കോപ്പ ഡി എസ്പാന, നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയാണ് ലോസ് ബ്ലാങ്കോസ് ജേഴ്സിയില്‍ റോണോ സ്വന്തമാക്കിയത്. മാത്രമല്ല പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയാണ് റോണോ കുതിക്കുന്നത്. ഇതുവരെ 138 ഗോളുകളാണ് പറങ്കികള്‍ക്കായി താരം നേടിയത്.

കൂടാതെ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോള്‍ നേടുന്ന താരവും റോണോ തന്നെയാണ്. 937 ഗോളുകളാണ് താരം നിലവില്‍ നേടിയത്. 1000 കരിയര്‍ ഗോള്‍ എന്ന ഇതിഹാസ നേട്ടത്തിലേക്കാണ് താരം ഉന്നമിടുന്നത്.

Content Highlight: Football: Kaka talks about Cristiano Ronaldo

We use cookies to give you the best possible experience. Learn more