ലാമിൻ യമാൽ, ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണ്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം കറ്റാലൻ ക്ലബ്ബിന്റെ അക്കാദമിയായ ലാ മാസിയയിലൂടെയാണ് വളർന്നുവന്നത്. കളിക്കളത്തിൽ മാസ്മരിക പ്രകടങ്ങൾ കാഴ്ചവെക്കുന്ന കൗമാര താരം ഇന്ന് ഏറെ മൂല്യമുള്ള ടോപ് ഗണ്‍ ഫുട്ബോളറാണ്.
17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം യമാല്‍ ഇതിനോടകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിഹാസ താരമായ ലയണല്‍ മെസിക്കൊപ്പമാണ് താരത്തിനെ ഇന്ന് പലരും താരതമ്യപ്പെടുത്തുന്നത്.
ഇപ്പോൾ ലാ റോജയുടെ കുട്ടിപടയാളിയായ ലാമിൻ യമാലിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ആഴ്‌സനൽ താരം ഇമ്മാനുവൽ പെറ്റിറ്റ്. ഭൂമിയിലെ ഏറ്റവും മൂല്യമുള്ള താരമാണ് യമാലെന്നും മെസി ഈ പ്രതിതിൽ ചെയ്തതിനേക്കാൾ അവൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഭൂമിയിലെ ഏറ്റവും മൂല്യമുള്ള താരമാണ് യമാൽ. ഓരോ തവണയും അവൻ പന്ത് തൊടുമ്പോൾ എന്തെങ്കിലുമൊന്ന് സംഭവിക്കുന്നു. അവന് കാഴ്ചപ്പാടും ടെക്‌നിക്കും ക്രിയേറ്റീവായ കഴിവുമുണ്ട്.
യമാലിന് 17 വയസ് മാത്രമാണുള്ളത്. അവനെ വിശേഷിപ്പിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല. ഇതേ പ്രായത്തിൽ ലയണൽ മെസി ചെയ്തതിനേക്കാൾ എത്രയോ മുകളിലാണ് അവൻ ചെയ്യുന്നത്,’ ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞു.
വലിയ മത്സരങ്ങളിൽ എപ്പോഴും മികച്ച പ്രകടനവുമായി യമാൽ മുന്നിലുണ്ടാവാറുണ്ടെന്നും ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞു. മെസിയെയും ക്രിസ്റ്റ്യാനോയെയും പോലെ അവനും മികച്ചൊരു കരിയർ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ഫ്രഞ്ച് താരം കൂട്ടിച്ചേർത്തു.
‘വലിയ മത്സരങ്ങളിൽ അവൻ എപ്പോഴും മികച്ച പ്രകടനങ്ങൾ നടത്തുന്നു. വമ്പൻ കളിക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് യമാൽ ഏകദേശം എല്ലാ കളികളിലും പുറത്തെടുക്കുന്നു. മെസിയെയും ക്രിസ്റ്റ്യാനോയെയും പോലെ അവനും മികച്ചൊരു കരിയർ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇത്ര ചെറിയ പ്രായത്തിൽ വളരെ പക്വമായാണ് അവൻ കളിക്കുന്നത്. വാർത്താസമ്മേളനത്തിലും സോഷ്യൽ മീഡിയയിലും കാര്യങ്ങൾ ചെയ്യുന്നതിന് ലാമിന് തന്റേതായ രീതികളുണ്ട്,’ പെറ്റിറ്റ് കൂട്ടിച്ചേർത്തു.
Content Highlight: Football: Immanuel Petit says that Lamine Yamal is ahead of Lionel Messi in his development