| Friday, 11th April 2025, 1:10 pm

ടീമിനെ ഒറ്റക്ക് വിജയിപ്പിക്കുന്നവനാണ് അവൻ; വമ്പൻ പ്രസ്താവനയുമായി റിയോ ഫെർഡിനാൻഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളാണ് പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറായ റിയോ ഫെർഡിനാൻഡ്. ക്രിസ്റ്റ്യാനോ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളവനായിരുന്നുവെന്നും ഇതുപോലൊരാളെ ഒരിക്കലും കാണാനാവില്ലായെന്നും റിയോ പറഞ്ഞു.

റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറിൽ നിന്നും കിലിയൻ എംബാപ്പെയിൽ നിന്നും റൊണാൾഡോയെ വ്യത്യസ്തമാക്കുന്നതെന്ന് എങ്ങനെയാണെന്നും മുൻ താരം കൂട്ടിച്ചേർത്തു. ദി മോ ഷോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു റിയോ ഫെർഡിനാൻഡ്.

‘ക്രിസ്റ്റ്യാനോ ക്രിസ്റ്റ്യാനോ ആയിരുന്നു. അവൻ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളവനായിരുന്നു. ഇതുപോലെ വേറെ ഒരാളെ നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല. നമുക്ക് ഒരിക്കലും കാണാനാകില്ലെന്നും ഞാൻ കരുതുന്നു.

അദ്ദേഹത്തിന്റെ യുണെറ്റഡിലെയും റയൽ മാഡ്രിഡിലെയും കരിയറുകൾ ലോകോത്തര നിലവാരമുള്ളതായിരുന്നു. യുണൈറ്റഡിൽ ഗോൾ സ്‌കോററും ബാലൺ ഡി ഓർ ജേതാവും ഇടത് വിങ്ങറുമായിരുന്നു. മാഡ്രിഡിൽ ക്രിസ്റ്റ്യാനോ സ്വന്തമായി ടീമിനെ ജയിപ്പിക്കുന്നവനുമായി.

അത് ലാമിൻ യമാൽ ഇപ്പോൾ കളിക്കുന്നിടത്ത് റൈറ്റ് വിങ്ങിൽ കളിക്കാൻ ആവശ്യപ്പെടുന്നതും പിന്നീട് ഹാളണ്ടിനെപ്പോലെ ഒമ്പതാം നമ്പർ കളിക്കാരനായി സെന്റർ ഫോർവേഡിലേക്ക് പോയി കളി ജയിപ്പിക്കാനും ആവശ്യപ്പെടുന്നത് പോലെയാണ്.

അത് സംഭവിക്കുന്നില്ല. വിനീഷ്യസ് അത് ചെയ്യുന്നില്ല, അവൻ ഒരു ലെഫ്റ്റ് വിങ്ങറും പിന്നീട് ഒമ്പതാം നമ്പർ കളിക്കാരനുമാകാൻ പോകുന്നില്ല. എംബാപ്പെയും അത് ചെയ്തിട്ടില്ല,’ റിയോ പറഞ്ഞു.

ഇംഗ്ലണ്ട് ഫുട്ബോളറായ റിയോ ഫെർഡിനാൻഡ് 2009യിലാണ് റൊണാൾഡൊക്കൊപ്പം കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുവരും സഹതാരങ്ങളായിരുന്നു.

നിലവിൽ അന്താരാഷ്ട്ര ഫുട്ബോളിൽ 930 ഗോളുമായാണ് റൊണാൾഡോ കുതിക്കുന്നത്. ഇതുവരെ മറ്റൊരു താരവും സ്വന്തമാക്കാത്ത നേട്ടമാണ് റൊണാൾഡോയുടെ പേരിലുള്ളത്. കരിയറിൽ 1000 ഗോളുകൾ നേടുകയാണ് താരത്തിന്റെ ലക്ഷ്യം.

ക്ലബ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ കളിക്കുന്ന അൽ നാസർ താരമാണ്.

Content Highlight: Football: Former Manchester United Defender Rio Ferdinand Talks About Cristiano Ronaldo

We use cookies to give you the best possible experience. Learn more