എം.എല്‍.എസില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എന്‍.വൈ റെഡ് ബുള്‍സിനെതിരെയായ മത്സരത്തില്‍ മെസിയുടെ ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഹോം ഗ്രൗണ്ടായ ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4 – 1ന്റെ വിജയമാണ് ഇന്റര്‍ മയാമി സ്വന്തമാക്കിയത്.
മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഗോള്‍ നേടിയിരുന്നു. 67 ആം മിനിറ്റില്‍ ഗോള്‍ നേടി ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത് താരമായിരുന്നു. ഇതോടെ തന്റെ ഗോള്‍ നേട്ടം 859 ആയി ഉയര്‍ത്താനും മെസിക്ക് സാധിച്ചു.
ഒമ്പതാം മിനിറ്റില്‍ ഫാഫ പിക്കോള്‍ട്ടാണ് മയാമിയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. മാഴ്‌സലോ വീഗാണ്ട്, ലൂയിസ് സുവാരസ് എന്നിവരാണ് ടീമിനായി മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. റെഡ് ബുള്‍സിന്റെ ആശ്വാസ ഗോള്‍ നേടിയത് എറിക് മാക്‌സിം ചൗപോ മോട്ടിങ്ങാണ്.
മെസിയും മയാമിയും മികച്ച ഫോമില്‍ മുന്നേറുമ്പോള്‍ മുന്‍ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരം ദാവോര്‍ സുക്കര്‍ പറഞ്ഞ ഒരു അഭിപ്രായം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 2014ല്‍ അദ്ദേഹം പറഞ്ഞ അഭിപ്രായമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ക്രൊയേഷ്യന്‍ താരം അലന്‍ ഹലിലോവിച്ചിന് ബാഴ്സലോണയിലെ മെസിയുടെ പ്രകടനത്തിനൊപ്പം എത്താനാകുമെന്നാണ് സുക്കര്‍ അഭിപ്രായപ്പെട്ടിരുന്നത്. ടെലിഗ്രാഫിയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഹലിലോവിച്ച് ഒരു സ്റ്റാറാണ്. അവന്‍ മെസിയെ ഓര്‍മ്മിപ്പിക്കുന്നു. അവന്‍ ചെറുപ്പമാണ്, പക്ഷേ ഞങ്ങള്‍ക്ക് അവനില്‍ വിശ്വാസമുണ്ട്, അവന്‍ വളരെ നന്നായി പന്ത് കൈവശം വെക്കുന്നു,’ സുക്കര്‍ പറഞ്ഞു.
2014ലാണ് ഹലിലോവിച്ച് ബാഴ്സലോണയുടെ ഭാഗമാവുന്നത്. ബാഴ്സ ബി ടീമിലൂടെ കറ്റാലന്മാരുടെ ഭാഗമായ താരം അടുത്ത വര്‍ഷമാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ടീമിനായി ഒരു മത്സരത്തില്‍ മാത്രമാണ് താരം ബൂട്ടണിഞ്ഞത്.
Content Highlight: Football: Former Croatian Footballer Davour Suker compared Barcelona Flop Alen Halilovic to Lionel Messi