| Saturday, 24th May 2025, 3:16 pm

റൊണാള്‍ഡോ ക്ലബ് ലോകകപ്പില്‍ ഉണ്ടാവുമോ? പുതിയ വിവരവുമായി ഫിഫ പ്രസിഡണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ തലമുറ മാറ്റമുണ്ടായിട്ടുണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്പ് വിട്ട് സൗദിയിലേക്ക് താരം ചേക്കേറിയിട്ടും ഫുട്‌ബോള്‍ ലോകം റോണോയെ കുറിച്ച് സംസാരിക്കാതെ പോയ ദിനങ്ങള്‍ വളരെ വിരളമാണ്.

അല്‍ നസറിന്റെ മഞ്ഞ കുപ്പായത്തില്‍ 40ാം വയസിലും നടത്തുന്ന താരത്തിന്റെ പ്രകടനങ്ങളായിരുന്നു ആദ്യം ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്നത്. പിന്നീടത് റോണോ അല്‍ നാസര്‍ വിടുമോയെന്നതും റയലില്‍ വീണ്ടുമെത്തുമോയെന്നുള്ള അഭ്യൂഹങ്ങളുമായി.

ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത് ഈ വര്‍ഷത്തെ ക്ലബ് ലോകകപ്പില്‍ റോണോ കളിക്കാന്‍ എത്തുമോ എന്നതാണ്. ഇപ്പോള്‍ ക്ലബ് ലോകകപ്പിലെ താരത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് പുതിയ അപ്‌ഡേറ്റ് നല്‍കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് ലോകകപ്പില്‍ കളിച്ചേക്കാമെന്നും ചില ക്ലബുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദി അത് ലറ്റിക്കില്‍ സംസാരിക്കുകയായിരുന്നു ഫിഫ പ്രസിഡണ്ട്.

‘അതെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് ലോകകപ്പില്‍ കളിച്ചേക്കാം. ചില ക്ലബുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് ഏതെങ്കിലും ടീമുകള്‍ താരത്തിനെ ക്ലബ് ലോകകപ്പിനായി ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സംഭവിക്കാം,’ ഇന്‍ഫന്റീനോ പറഞ്ഞു.

ക്രിസ്റ്റ്യാനോ 2023 മുതല്‍ സൗദി പ്രൊ ലീഗ് ക്ലബായ അല്‍ നസര്‍ താരമാണ്. സൗദി ക്ലബിനായി 104 മത്സരങ്ങളില്‍ നിന്ന് താരം 92 ഗോളുകള്‍ നേടിയിട്ടുണ്ട്. ഒപ്പം 19 അസിസ്റ്റുകള്‍ സ്വന്തം പേരില്‍ റോണോ തുന്നി ചേര്‍ത്തു. മികച്ച പ്രകടനങ്ങളുമായി പോര്‍ച്ചുഗല്‍ താരം കളം നിറഞ്ഞ് കളിച്ചെങ്കിലും ക്ലബിന് വരാനിരിക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

സൂപ്പര്‍ താരത്തിന്റെ അല്‍ നസറുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. റോണോ കരാര്‍ പുതുക്കില്ലെന്നും റിയാദ് ആസ്ഥാനമായ സൗദി ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. റൊണാള്‍ഡോ ഈ സീസണില്‍ ടീം വിടുകയാണെങ്കില്‍ താരത്തെ ക്ലബ് ലോകകപ്പിലും കാണാന്‍ സാധിച്ചേക്കും.

Content Highlight: Football: FIFA President Gianni Infantino confirms Cristiano Ronaldo is in talks with clubs to play at Club World Cup

We use cookies to give you the best possible experience. Learn more