| Wednesday, 4th June 2025, 4:51 pm

മെസി അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അതാണ് അവനെ മികച്ചവനാക്കുന്നത്; തുറന്ന് പറഞ്ഞ് മുന്‍ ബാഴ്സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളില്‍ എത്ര തലമുറ മാറ്റമുണ്ടായാലും എത്രയെത്ര താരങ്ങള്‍ മുഖ്യധാരയില്‍ എത്തിയാലും ആരാധകരുടെ മനസില്‍ ഒരിടം തീര്‍ച്ചയായും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കുണ്ടാവും. അയാള്‍ കളിക്കളത്തില്‍ തീര്‍ത്ത വിസമയങ്ങള്‍ എന്നും ഓര്‍ത്തിരിക്കുകയും ചെയ്യും.

പ്രിയ താരം മെസിയെ കുറിച്ച് സംസാരിക്കാത്ത ദിവസങ്ങള്‍ ആരാധകരുടെ ജീവിതത്തില്‍ വളരെ വിരളമായിരിക്കും. യൂറോപ്പ് വിട്ട് എം.എല്‍.എസിലേക്ക് കൂടുമാറിയിട്ടും താരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും സജീവമാണ്. അര്‍ജന്റൈന്‍ ഇതിഹാസത്തെ കുറിച്ച് മറ്റ് താരങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ എന്നും ഇഷ്ടപ്പെടുന്നവരാണ് ആരാധകര്‍.

ഇപ്പോള്‍ മെസിയെ കുറിച്ച് സംസാരിക്കുകയാണ് റയല്‍ ബെറ്റിസ് താരവും മുന്‍ ബാഴ്സലോണ ഡിഫന്‍ഡറുമായ മാര്‍ക്ക് ബാര്‍ട്ര. ഗോള്‍ അടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുമ്പോള്‍ മെസി സ്വയം കുറ്റപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് മികച്ച പ്രകടനം നടത്തി പിച്ചിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അതാണ് താരത്തെ മികച്ചവനാക്കിയതെന്നും ബെറ്റിസ് താരം കൂട്ടിച്ചേര്‍ത്തു.

‘പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ഒരു ലോക്കര്‍ റൂമില്‍ വെച്ച് അവന്‍ സ്വയം ശപിക്കുകയും ഷര്‍ട്ട് പിടിച്ച് വലിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ടാം പകുതിയില്‍ അവന്‍ കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തും. പിന്നെ അവന്‍ പിച്ചിന്റെ നിയന്ത്രണം ഏറ്റെടുക്കും. അതാണ് അവനെ മികച്ചവനാക്കിയത്,’ ബാര്‍ട്ര പറഞ്ഞു.

ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് മാര്‍ക്ക് ബാര്‍ട്ര. താരം 2012 മുതല്‍ 2016 വരെയുള്ള നാല് സീസണുകളില്‍ ലയണല്‍ മെസിയോടൊപ്പം ബാഴ്സലോണയില്‍ കളിച്ചിട്ടുണ്ട്. ഈ കാലയളവില്‍ താരത്തിനൊപ്പം 74 മത്സരങ്ങളില്‍ പിച്ച് പങ്കിട്ടിട്ടുണ്ട്. 2018ല്‍ താരം സ്പാനിഷ് ക്ലബ് വിട്ട് ജര്‍മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ടുമുണ്ടിലേക്ക് ചേക്കേറുകയായിരുന്നു.

Content Highlight: Football: Ex Barcelona Star Marc Bartra talks about Lionel Messi

We use cookies to give you the best possible experience. Learn more