| Wednesday, 21st May 2025, 11:11 am

എന്നെ മികച്ചവനാക്കിയത് ഇത്; വിജയരഹസ്യം വെളിപ്പെടുത്തി റോണോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരുപാട് കാലം തന്റെ പ്രതിഭകൊണ്ട് ഫുട്‌ബോള്‍ മൈതാനങ്ങള്‍ അടക്കി വാണ താരം യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് മാറിയിട്ടും സ്‌പോര്‍ട്ട്‌ലൈറ്റില്‍ തന്നെയുണ്ട്.

ഫുട്‌ബോളില്‍ തലമുറ മാറ്റം സംഭവിച്ചിട്ടും യുവ താരങ്ങള്‍ തങ്ങളുടെ വരവ് അറിയിച്ചിട്ടും ആരാധകരുടെ പ്രിയ ചര്‍ച്ച വിഷയങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ റോണോയുടെ പേരുണ്ട്. താരത്തിനെ കുറിച്ച് സംസാരിക്കാത്ത ദിവസങ്ങള്‍ ലോക ഫുട്‌ബോളില്‍ നന്നേ കുറവായിരിക്കും.

40ാം വയസിലും ഫുട്‌ബോളില്‍ സജീവമായി തുടരുന്ന റൊണാള്‍ഡോ, താന്‍ എങ്ങനെയാണ് ഈ മേഖലയില്‍ എത്രയും കാലം ഫുട്‌ബോളിന്റെ മുന്‍ നിരയില്‍ തുടര്‍ന്നതെന്ന് തുറന്ന് പറയുകയാണ്. സ്ഥിരതയാണ് വര്‍ഷങ്ങളോളം ഫുട്‌ബോളിലെ മികച്ച താരമായി തുടരാന്‍ തനിക്ക് സഹായകമായത് എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്ഥിരതയില്ലാതെ ഒന്നോ രണ്ടോ വര്‍ഷമൊക്കെ തുടരാനായേക്കാമെന്നും പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു. വൂപ്പ് പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.

‘നിങ്ങള്‍ക്ക് സ്ഥിരതയില്ലെങ്കില്‍ വര്‍ഷങ്ങളോളം ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ കഴിയില്ല. ഒന്നോ രണ്ടോ വര്‍ഷമൊക്കെ സാധിക്കും. പക്ഷെ, 13 – 20 വര്‍ഷം നീണ്ടു നില്‍ക്കുക അസാധ്യമാണ്. ആരെങ്കിലും അങ്ങനെയല്ലെന്ന് പറഞ്ഞാല്‍ അവര്‍ കള്ളം പറയുകയാണെന്ന് ഞാന്‍ പറയും,’ ക്രിസ്റ്റ്യാനോ പറഞ്ഞു.

സൗദി പ്രൊ ലീഗ് ക്ലബ് ടീമായ അല്‍ നസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2023ലാണ് താരം യൂറോപ്പ് വിട്ട് അല്‍ നസറിലേക്ക് ചേക്കേറിയത്. ചെല്ലുന്ന ഇടങ്ങളിലെല്ലാം തന്റെ പേര് എഴുതി ചേര്‍ക്കുന്ന അദ്ദേഹം ഈ ക്ലബ്ബിന്റെ ചരിത്രത്തിലും സ്ഥാനം കണ്ടെത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ പട്ടികയില്‍ താരം ഇടം കണ്ടെത്തി.

അല്‍ നസറിനായി ക്രിസ്റ്റ്യാനോ 109 മത്സരങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങി 97 ഗോളുകള്‍ നേടിയിട്ടുണ്ട്. കൂടാതെ 19 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Football: Cristiano Ronaldo says that Consistency is the key for playing at the highest level of football for several years

We use cookies to give you the best possible experience. Learn more