| Monday, 30th June 2025, 5:52 pm

ക്ലബ് വേൾഡ് കപ്പിൽ കളിക്കാൻ എനിക്ക് ഓഫറുകളുണ്ടായിരുന്നു, അത് നിരസിക്കാൻ കാരണമിത്; മനസ് തുറന്ന് റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം താരം തന്റെ നിലവിലെ ക്ലബായ അല്‍ നസറുമായി കരാർ പുതുക്കിയിരുന്നു. രണ്ട് വർഷത്തേക്കാണ് താരം സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാർ നീട്ടിയത്. ഇതോടെ 2022ല്‍ ക്ലബ്ബില്‍ എത്തിയ 40കാരന്‍ 2027 വരെ ടീമിനൊപ്പമുണ്ടാകും.

ജൂണ്‍ 30ന് ക്ലബ്ബുമായുള്ള കരാര്‍ കഴിയുന്നതോടെ പോര്‍ച്ചുഗീസ് വമ്പന്‍ അൽ നസർ വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം ‘ഈ അധ്യായം അവസാനിച്ചു’ എന്ന അടിക്കുറിപ്പോടെ റൊണാള്‍ഡോ ഒരു പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഈ ഊഹാപോഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇതിനിടയിൽ ക്ലബ് വേൾഡ് കപ്പിൽ കളിക്കുന്ന പല ക്ലബ്ബുകളും റൊണാൾഡോയ്ക്ക് ഓഫറുകൾ നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്ലബ് ലോകകപ്പിൽ കളിക്കാൻ മറ്റൊരു സൗദി പ്രൊ ലീഗ് ടീമായ അൽ ആഹ്‌ലിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, താരം എല്ലാ ഓഫറുകളും താരം നിരസിക്കുകയായിരുന്നു.

ഇപ്പോൾ അൽ നസ്‌റുമായി കരാർ പുതുക്കിയതിന് പിന്നാലെ തനിക്ക് വന്ന ഓഫറുകൾ നിരസിച്ചതിന്റെ കാരണം തുറന്നുപറയുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തനിക്ക് ക്ലബ് വേൾഡ് കപ്പിൽ കളിക്കാൻ ചില ഓഫറുകളുണ്ടായിരുന്നുവെന്നും താൻ വിശ്രമത്തിനും അടുത്ത സീസണിനായുള്ള തയ്യാറെടുപ്പുകൾക്കും പ്രാധാന്യം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അൽ നസ്റിനും ലോകകപ്പ് വരുന്നതിനാൽ പോർച്ചുഗലിനും വേണ്ടിയും തനിക്ക് തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ നസർ സോഷ്യൽ മീഡിയ ഹാൻഡിലായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.

‘എനിക്ക് ക്ലബ് വേൾഡ് കപ്പിൽ കളിക്കാൻ ചില ഓഫറുകളുണ്ടായിരുന്നു. പക്ഷേ, മികച്ച ഒരു ആശയമായി തോന്നിയില്ല. വിശ്രമിക്കാനും അടുത്ത സീസണിനായി നന്നായി തയ്യാറെടുക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്.

വേൾഡ് കപ്പ് കൂടെ വരാനുള്ളതിനാൽ ഈ സീസൺ വളരെ ദൈർഘ്യമേറിയതാവും. അതുകൊണ്ട് എനിക്ക് അൽ നസറിന് വേണ്ടി മാത്രമല്ല, പോർച്ചുഗൽ ദേശീയ ടീമിനായും തയ്യാറാവണം,’ റൊണാൾഡോ പറഞ്ഞു.

Content Highlight: Football: Cristiano Ronaldo revealed that he turned down Club World Cup offers to prioritize to rest and preparation for next World Cup

We use cookies to give you the best possible experience. Learn more