| Saturday, 14th June 2025, 4:10 pm

ക്രിസ്റ്റ്യാനോയുടെ മികവ് ഈ കണക്കുകൾ തെളിയിക്കും; താരത്തിനെ പ്രശംസിച്ച് ബാഴ്‌സ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരത്തിന്റെ കരുത്തിൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ തകർത്ത് പോർച്ചുഗൽ കിരീടമുയർത്തിയിരുന്നു. അതോടെ വീണ്ടും അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാവുകയാണ്.

ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണ ഇതിഹാസം കാര്‍ലസ് പുയോള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണക്കുകള്‍ അദ്ദേഹം എത്ര മികച്ചവനാണെന്ന് തുറന്നു കാട്ടുന്നുവെന്നും. ഒടുവില്‍ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് റോണോ നേടിയതെന്നും കാര്‍ലെസ് പുയോള്‍ പറഞ്ഞു.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണക്കുകള്‍ എല്ലാം പറയുന്നു. അവന്‍ 25 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് നേടിയത്. ആ കണക്കുകള്‍ തന്നെ മതിയാകും അവന്റെ ലെവല്‍ മനസിലാക്കാന്‍. അവനെ പോലെ ഒരു താരം ടീമില്‍ നിര്‍ണായക റോളാണ് കൈകാര്യം ചെയ്യുന്നത്. അവന്റെ ആഗോള നിലവാരത്തിന് നന്ദി,’ കാര്‍ലസ് പുയോള്‍ പറഞ്ഞു.

യുവേഫ നേഷൻസ് ലീഗ് ഫൈനലിലും താരം ടീമിനായി ഗോൾ കണ്ടെത്തിയിരുന്നു. അലൈന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന നിലയിൽ പിന്നിൽ നിന്ന പറങ്കിപടക്കായി 61ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ച് നിർണായക സമനില പിടിച്ചത് റോണോയുടെ ഗോളായിരുന്നു. പോർച്ചുഗലിന്റെ കിരീടധാരണത്തിൽ ഈ ഗോൾ വലിയ പങ്ക് വഹിച്ചിരുന്നു.

ഫൈനലിൽ നിശ്ചിത സമയത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത് റോണോയുടെ ഗോളായിരുന്നു. അതിലാണ് പറങ്കിപ്പട ജേതാക്കളായതും ലീഗിലെ രണ്ടാം കിരീടം ഉയർത്തിയതും.

റൊണാള്‍ഡോയുടെ കരിയറിലെ 36ാം ട്രോഫിയാണിത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം മൂന്ന് കിരീടം സ്വന്തമാക്കിയ താരം വിവിധ ക്ലബ്ബുകള്‍ക്കൊപ്പമാണ് ശേഷിച്ച ടൈറ്റിലുകള്‍ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോ ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത് (16 എണ്ണം).

Content Highlight: Football: Carlos Puyol talks about Cristiano Ronaldo

We use cookies to give you the best possible experience. Learn more