ലോക ഫുട്‌ബോളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാവുകയാണ്. കഴിഞ്ഞ ദിവസം ഈ സീസണിലെ അല്‍ നസറിന്റെ അവസാന മത്സരം കളിച്ചതിന് ശേഷം താരം സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റാണ് റോണോയെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്.
‘ഈ അധ്യായം അവസാനിച്ചു. കഥ തുടരും. എല്ലാവരോടും നന്ദി,’ എന്നാണ് ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ താരത്തിന്റെ ഭാവിയെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ചര്‍ച്ചകള്‍ നടത്തുകയാണ് ആരാധകര്‍. ഓരോ ദിവസവും ക്രിസ്റ്റ്യാനോയ്ക്കായി പുതിയ ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നും ചില ക്ലബ്ബുകള്‍ താരത്തിന് ഓഫര്‍ നല്‍കിയെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ ഫോര്‍വേര്‍ഡ് അഹമ്മദ് മിഡോ ഹൊസാം. കൂടെ പ്രവര്‍ത്തിക്കുന്ന ഏതൊരു പരിശീലകന്റെയും വ്യക്തിത്വം ഇല്ലാതാക്കുന്നുവെന്നാണ് ക്രിസ്റ്റ്യാനോയുടെ പ്രശ്‌നമെന്നും താരത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയുടെ സഹ താരമായിരുന്ന കരീം ബെന്‍സേമ പോലെയുള്ള താരങ്ങള്‍ അങ്ങനെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കൂടെ പ്രവര്‍ത്തിക്കുന്ന ഏതൊരു പരിശീലകന്റെയും വ്യക്തിത്വം ഇല്ലാതാക്കുന്നുവെന്നാണ് ക്രിസ്റ്റ്യാനോയുടെ പ്രശ്‌നം. എന്നാല്‍ കരീം ബെന്‍സേമ പോലെയുള്ള താരങ്ങള്‍ അങ്ങനെയല്ല. മികച്ച കളിക്കാരനായ ബെന്‍സേമ പരിശീലകന് അര്‍ഹമായ ബഹുമാനവും ആദരവും നല്‍കുന്നു. അതോടൊപ്പം അദ്ദേഹത്തിന് തന്റെ റോള്‍ എന്താണെന്ന് അറിയുകയും ചെയ്യും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യത്തില്‍ അല്‍ നസറിനെ പരിശീലിപ്പിക്കാന്‍ ഏതെങ്കിലും ഒരു പ്രധാന കോച്ചിനെ ഞാന്‍ വെല്ലുവിളിക്കുന്നു,’ മിഡോ പറഞ്ഞു.
യൂറോപ്യന്‍ ക്ലബ്ബുകള്‍ റൊണാള്‍ഡോയെ ടീമിലെടുക്കാതെ ആയതോടെയാണ് അദ്ദേഹം അല്‍ നസറില്‍ എത്തിയതെന്നും മിഡോ കൂട്ടിച്ചേര്‍ത്തു.
‘യൂറോപ്യന്‍ ക്ലബ്ബുകള്‍ റൊണാള്‍ഡോയെ ടീമിലെടുക്കാതെ ആയതോടെയാണ് അദ്ദേഹം അല്‍ നസറിലേക്ക് വന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അല്‍ നസറിനെ പരിശീലിപ്പിക്കാന്‍ സൈമണ്‍ ഇന്‍സാഗി പോലും തയ്യാറാകില്ല,’ മിഡോ പറഞ്ഞു.
Content Highlight: Football: Ahmed Mido Hossam criticizes Cristiano Ronaldo