| Saturday, 12th July 2025, 11:07 am

സ്‌കൂളിലെ പാദപൂജ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തത്: റിപ്പോർട്ട് തേടി വി. ശിവൻകുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസർഗോഡ്: ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

കുട്ടികളെക്കൊണ്ട് കാലുകഴുക്കിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വീശിവൻകുട്ടി.

ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്.

സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന ഈ സ്കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത്. ജാതി വ്യവസ്ഥയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കാൻ പാടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസിൽ ഉള്ള സ്കൂളുകൾ ആണെങ്കിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരം ഉണ്ട്,’ മന്ത്രി പറഞ്ഞു.

അതേസമയം സ്കൂൾ സമയമാറ്റത്തെ പറ്റിയുള്ള വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കോടതിയുടെ നിലപാടാണ് താൻ പറഞ്ഞതെന്നും ധിക്കാരപരമായി ഞാൻ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞൂ. കോടതിയിൽ പറഞ്ഞതിന് അപ്പുറത്ത് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ആരുമായും ചർച്ച നടത്താൻ താൻ തയാറാണെന്നും സമയം അറിയിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർഗോഡ് ബന്തടുക്ക കാക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

ഗുരുപൂര്‍ണിമ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് 30 റിട്ടയേർഡ് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ രക്ഷിതാക്കളും പങ്കെടുത്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് രക്ഷിതാക്കള്‍ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്.

അധ്യാപകരെ സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള ചിന്ത വളർത്തുന്നതിന് പകരം പാദസേവ ചെയ്യിക്കുന്നത് കേരളം കൈവരിച്ച പുരോഗതിയെ നിരാകരിക്കുന്നതാണെന്ന് സി.പി.ഐ.എം കാസർഗോഡ് ജില്ലാസെക്രട്ടറി എം. രാജഗോപാലൻ പറഞ്ഞു.

അധ്യാപകരെ സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള ചിന്ത വളർത്തുന്നതിന് പകരം പാദസേവ ചെയ്യിക്കുന്നത് കേരളം കൈവരിച്ച പുരോഗതിയെ നിരാകരിക്കുന്നതാണ്. സംഭവത്തിന് ഉത്തരവാദികൾക്കെതിരെ കർശനനടപടി സ്വീകരിക്കണം. രക്ഷിതാക്കളും പൊതുസമൂഹവും മതനിരപേക്ഷ പുരോഗമന ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതികരണം ഉയർത്തണമെന്നും എം. രാജഗോപാലൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ, കണ്ണൂരിലും സമാന സംഭവം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലാണ് ഗുരുപൂർണ്ണിമാഘോഷത്തിന്‍റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്.

തുടർന്ന് ഇദ്ദേഹം ഗുരുപൂർണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തതായി വിവരമുണ്ട്. സ്കൂൾ സെക്രട്ടറി സുരേഷ്, പ്രിൻസിപ്പാൾ ബിൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാദസേവ നടത്തിയത്.

Content Highlight: Foot worship at RSS-controlled school in Kasaragod; V. Sivankutty seeks report

We use cookies to give you the best possible experience. Learn more