| Monday, 1st September 2025, 11:38 am

'വിഡ്ഢികൾക്ക് ചില ശൈലികൾ മനസിലാകില്ല'; അമിത് ഷായെക്കുറിച്ചുള്ള പരാമർശത്തിൽ മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ, ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര.

‘വിഡ്ഢികൾക്ക് ശൈലികൾ മനസിലാകില്ല’ എന്നത് രൂപകമായിരുന്നുവെന്നാണ് തന്റെ പ്രസംഗത്തെക്കുറിച്ച് മഹുവ പറഞ്ഞത്. ഒരാളുടെ തല ശരിക്കും മുറിച്ചെടുക്കില്ലെന്നും അത് ആലങ്കാരികമായി പറഞ്ഞതാണെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ അമിത് ഷായ്ക്ക് കഴിഞ്ഞില്ലെങ്കിൽ, ‘ആദ്യം ചെയ്യേണ്ടത് അമിത് ഷായുടെ തല മുറിച്ച് നിങ്ങളുടെ മേശപ്പുറത്ത് വെക്കുക എന്നതാണ്’ എന്ന് മൊയ്ത്ര ബംഗാളിയിൽ പറഞ്ഞതായാണ് ആരോപണം.

ഈ പ്രസംഗത്തിന് പിന്നാലെ ഛത്തീസ്ഗഢിലെ റായ്പൂരിൽ മാനാ ക്യാമ്പ് പൊലീസ് സ്റ്റേഷനിൽ മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ബി.എന്‍.എസ് വകുപ്പുകളായ സെക്ഷന്‍ 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197 (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ ആരോപണങ്ങള്‍, അവകാശവാദങ്ങള്‍) എന്നിവ പ്രകാരമാണ് മഹുവക്കെതിരെ കേസെടുത്തിരിക്കുന്നത്.

തന്റെ പ്രസംഗം പൊലീസ് വളച്ചൊടിച്ചെന്ന് മൊയ്ത്ര ആരോപിച്ചു. ഇത് ഒരു ശൈലിയായിട്ടാണ് താൻ ഉപയോഗിച്ചതെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി.

ബംഗാളി ഭാഷയിൽ ‘മാഥ കാട്ട ജാവ’, ‘മാഥ കെ തേബിലേ രാഖ’ തുടങ്ങിയ പ്രയോഗങ്ങൾ ലജ്ജ കാരണം തല കുനിക്കുക അല്ലെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നീ അർത്ഥങ്ങളിലാണ് ഉപയോഗിക്കുന്നത്. ‘ഇതൊരു ശൈലിയാണ്, എന്നാൽ വിഡ്ഢികൾക്ക് ശൈലികൾ മനസിലാകില്ല,’ അവർ പറഞ്ഞു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ ‘അബ്കി ബാർ, 400 പാർ’ എന്ന മുദ്രാവാക്യം പരാജയപ്പെട്ടപ്പോൾ, വിദേശ മാധ്യമങ്ങൾ ഇത് നരേന്ദ്ര മോദിക്ക് മുഖത്തേറ്റ അടിയാണെന്ന് റിപ്പോർട്ട് ചെയ്ത സംഭവം അവർ ചൂണ്ടിക്കാട്ടി.

‘ഹെഡ്‌സ് വിൽ റോൾ’ (തലകൾ ഉരുളും) എന്ന ഇംഗ്ലീഷ് ശൈലിയെക്കുറിച്ചും മൊയ്ത്ര പരാമർശിച്ചു. അനുസരണക്കേട് കാണിക്കുന്നവരുടെ തല രാജാക്കന്മാർ മുറിച്ചെടുക്കുന്നതിനെ സൂചിപ്പിക്കുന്ന ഈ പ്രയോഗം, ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന അർത്ഥത്തിലാണ് താൻ ഉപയോഗിച്ചതെന്നും ആരുടെയും തല മുറിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബി.ജെ.പി തന്നെ ഒരു രാഷ്ട്രീയ രക്തസാക്ഷിയാക്കാൻ ശ്രമിക്കുകയാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. ‘നിങ്ങൾ എന്നെ പാർലമെൻ്റിൽ നിന്ന് പുറത്താക്കിയപ്പോൾ ഞാൻ ജയിച്ച് തിരികെ വന്നു. ഓരോ തവണ നിങ്ങൾ ഇത് ചെയ്യുമ്പോഴും എന്നെ ‘ജോൻ ഓഫ് ആർക്ക്’ ( യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ശക്തയായ പോരാളിയായ വനിത) ആക്കി മാറ്റുന്നു,’ അവർ പറഞ്ഞു.

ബി.ജെ.പിക്ക് ഈ നീക്കങ്ങൾ രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നും, ഓരോ തർക്കത്തിന് ശേഷവും താൻ കൂടുതൽ ശക്തയായി തിരിച്ചു വരുമെന്നും അവർ കൂട്ടിച്ചേർത്തു. ‘നിങ്ങളുടെ എഫ്.ഐ.ആറുകൾ എടുത്തുകൊണ്ട് സൂര്യപ്രകാശമെത്താത്ത സ്ഥലത്ത് വെക്കുക, നിങ്ങൾക്ക് കൂടുതൽ ബുദ്ധി വരുമെന്ന് പ്രതീക്ഷിക്കുന്നു,’ മൊയ്ത്ര പരിഹസിച്ചു.

തനിക്കെതിരെയുള്ള എഫ്.ഐ.ആർ തെറ്റായ വിവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മൊയ്ത്ര ആരോപിച്ചു.
താൻ പറഞ്ഞത് ‘മാഥാ കെ തേബിലെ’ എന്നാണെന്നും, എഫ്.ഐ.ആറിൽ ‘ഗല കാട്ട് ദിയ’ എന്ന് തെറ്റായി രേഖപ്പെടുത്തിയെന്നും അവർ പറഞ്ഞു.

കൂടാതെ, ജൂലൈ 12-ന് തന്റെ മണ്ഡലത്തിൽ നിന്നുള്ള 12 കുടിയേറ്റ തൊഴിലാളികളെ കോണ്ടഗാവ് എസ്.പി നിയമവിരുദ്ധമായി തടഞ്ഞുവച്ച സംഭവം അവർ ചൂണ്ടിക്കാട്ടി. താൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പൊലീസ് കേസ് പിൻവലിച്ചുവെന്നും, ഇത് പൊലീസിനേറ്റ അടിയാണെന്നും അവർ പറഞ്ഞു.

അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രക്കെതിരെ ഗോപാല്‍ സാമന്റോ എന്നയാള്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മഹുവയുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധവും ആക്ഷേപകരവുമെന്ന് ആരോപിച്ചായിരുന്നു പരാതി.

ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നതെന്നും അത് ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും മഹുവ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വ്യാഴാഴ്ച നടത്തിയ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മഹുവയുടെ പരാമര്‍ശം.

ഇതിനുപിന്നാലെയാണ് മഹുവക്കെതിരെ ഗോപാല്‍ പരാതിപ്പെട്ടത്. താനൊരു ബംഗാളിയാണെന്നും അതുകൊണ്ട് തന്നെ മഹുവയുടെ പരാമര്‍ശം തനിക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇയാള്‍ പരാതി നല്‍കിയത്. ഇതിനിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ മഹുവക്കെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight : ‘Fools don’t understand certain styles’; Mahua Moitra on Amit Shah’s remark

We use cookies to give you the best possible experience. Learn more