| Friday, 13th November 2026, 12:19 pm

ഐ.ഐ.ടികളില്‍ ഭക്ഷണ നിയന്ത്രണവും വേര്‍തിരിവും; ബ്രാഹ്‌മണ സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

നിഷാന. വി.വി

ബോംബെ: ഐ.ഐ.ടികളില്‍ ബ്രാഹ്‌മണ സംസ്‌കാരവും ജീവിത ശൈലികളും അടിച്ചേല്‍പ്പിക്കുന്നതായി പരാതി.

ഹിന്ദു ഉത്സവ സമയങ്ങളില്‍ ഹോസ്റ്റര്‍ മെസ്സുകളില്‍ നോണ്‍ വെജ് നിരോധിക്കാറുണ്ടെന്നും സസ്യാഹാരികള്‍ക്ക് മാത്രം പ്രത്യേകം ഇരിപ്പിടം സജ്ജമാക്കിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ദി ടെലഗ്രാഫാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ സമയത്ത് ഹോസ്റ്റലില്‍ നോണ്‍ വെജ് ഭക്ഷണം നിരോധിച്ചിരുന്നുവെന്ന് ഐ.ഐ.ടി ബോംബൈയില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ചില ഹോസ്റ്റുകളില്‍ മെനുവില്‍ നിന്ന് നോണ്‍ വെജ് ഫുഡ് ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് ഉള്‍പ്പെടുത്തുന്നതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടി വരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൂടാതെ ജൈനമതക്കാരെ പോലെയുള്ള ശുദ്ധ സസ്യാഹാരികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

മൂന്ന് വർഷം മുമ്പാണ് പ്രത്യേക ഡൈനിംഗ് സ്പേസ് എന്ന രീതി ആരംഭിച്ചതെന്ന് ഐ.ഐ.ടി ബോംബെയിലെ ഒരു വിദ്യാർത്ഥി വ്യക്തമാക്കി. 2023-ൽ സസ്യാഹാരികൾക്കായി നിശ്ചയിച്ച സ്ഥലത്ത് ഇരുന്ന് മാംസാഹാരം കഴിച്ചതിന് ഒരു വിദ്യാർത്ഥിക്ക് 10,000 രൂപ പിഴ ചുമത്തിയതായും പൂർവ്വ വിദ്യാർത്ഥി പ്രണബ് ജീവൻ ചൂണ്ടിക്കാട്ടി.

സസ്യാഹാരികൾക്ക് പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ആഘോഷവേളകളിൽ മറ്റുള്ളവരുടെ ഭക്ഷണം നിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഐ.ഐ.ടി ബോംബെയ്ക്ക് പുറമെ ഐ.ഐ.ടി ദൽഹിയിലും ഐ.ഐ.ടി കാൺപൂരിലും നവരാത്രി ആഘോഷവേളകളിൽ മാംസാഹാരം നിർത്തിവെച്ചിരുന്നു. ഇതിനെതിരെ കാൺപൂരിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.

സമൂഹത്തിൽ മതത്തിന്റെയും ജാതിയുടെയും ഭക്ഷണശീലങ്ങളുടെയും പേരിലുണ്ടാകുന്ന ധ്രുവീകരണത്തിന്റെ പ്രതിഫലനമാണ് ക്യാമ്പസുകളിലും കാണുന്നതെന്ന് ഐ.ഐ.ടി ദൽഹിയിലെ ഒരു പ്രൊഫസർ അഭിപ്രായപ്പെട്ടു.

സമാനമായ രീതിയിൽ ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിലും കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. 2021 ജൂലൈയിൽ പ്രൊഫ. സഞ്ജീവ് ജെയിൻ വൈസ് ചാൻസലറായി ചുമതലയേറ്റ ശേഷം ക്യാമ്പസിൽ മുട്ട ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ പൂർണമായും നിരോധിച്ചതായി വിദ്യാർത്ഥികൾ പറയുന്നു.

ഗേറ്റിൽ സുരക്ഷാ ജീവനക്കാർ ബാഗുകൾ പരിശോധിക്കാറുണ്ടെന്നും, സൊമാറ്റോ, സ്വിഗ്ഗി ഡെലിവറി പങ്കാളികൾക്ക് ക്യാമ്പസിനുള്ളിലേക്ക് മാംസാഹാരം കൊണ്ടുവരാൻ അനുവാദമില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. മുട്ട ഒളിപ്പിച്ചു കടത്തിയിട്ടുണ്ടോ എന്നറിയാൻ ഹോസ്റ്റൽ മുറികളിൽ മിന്നൽ പരിശോധന പോലും നടക്കുന്നുണ്ട്.

മാംസാഹാരം വിളമ്പുന്നത് സസ്യാഹാരികളിൽ മോശം സ്വാധീനം ചെലുത്തുന്നുവെന്നും പാശ്ചാത്യ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് എസ്.കെ. ജെയിൻ എന്നയാൾ 2014-ൽ അന്നത്തെ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക മെസ്സുകൾ വേണമെന്ന ആവശ്യം പരിശോധിക്കാൻ മന്ത്രാലയം ഐ.ഐ.ടികളോട് നിർദേശിച്ചിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണം തേടി ഐ.ഐ.ടി ബോംബെ ഡയറക്ടർ ശിരീഷ് ബി. കേദാരെയ്ക്കും ജമ്മു സർവ്വകലാശാല വി.സി സഞ്ജീവ് ജെയിനിനും ഇമെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Content Highlight:Food restrictions and segregation in IITs; students allege imposition of Brahminical culture.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more