| Thursday, 27th March 2025, 11:01 am

ഉത്തര്‍പ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസകേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പാരയില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ പുനരവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായുമാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച വൈകുന്നേരമാണ് കേന്ദ്രത്തിലുണ്ടായിരുന്ന 20തോളം വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് വലിയ തോതില്‍ നിര്‍ജ്ജലീകരണം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയിലായതിന് പിന്നാലെ അവരെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും ബാക്കിയുള്ള 16 പേരുടെ നില മെച്ചപ്പെട്ടുവെന്നും ലോക് ബന്ധു രാജ് നാരായണ്‍ കമ്പൈന്‍ഡ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജീവ് കുമാര്‍ ദീക്ഷിത് പറഞ്ഞു.

സംഭവത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് ഒരു കമ്മിറ്റിയും രൂപീകരിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ വകുപ്പിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ രോഗബാധിതരായ കുട്ടികളുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയതായും വിശകലനത്തിനായി പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ക്കാര്‍ അംഗീകൃത പുനരധിവാസ കേന്ദ്രത്തില്‍ 147 കുട്ടികളുണ്ടെന്നും പ്രധാനമായും അനാഥരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുമാണ് ഇവിടെ താമസിക്കുന്നതെന്നും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വികാസ് സിങ് പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Food poisoning at a rehabilitation center for mentally challenged children in Uttar Pradesh; two children die

We use cookies to give you the best possible experience. Learn more