| Friday, 2nd October 2026, 9:46 am

2027 ലോകകപ്പിൽ രോഹിത്തിനെ വേണ്ടെന്ന് അഗാർക്കറിന്റെ നിലപാട് ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സദഗോപൻ രമേഷ്

അഞ്ജലി പി.കെ.

രോഹിത് ശർമ വീണ്ടും സെഞ്ചുറിയുമായി തിളങ്ങിയതോടെ 2027 ഏകദിന ലോകകപ്പിലെ താരത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 75 പന്തിൽ 101 റൺസാണ് രോഹിത് നേടിയത്. 406 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് രോഹിത്തിന്റെ ഇന്നിങ്സ് നിർണായകമായി.

രോഹിത്തിന്റെ ഈ പ്രകടനത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം സദഗോപൻ രമേഷ് ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നിലപാടിനെ ചോദ്യം ചെയ്ത് മുന്നോട്ടു വന്നിരിക്കുകയാണ്.

2027 ലോകകപ്പ് ടീമിൽ രോഹിത്തിനെ ഉൾപ്പെടുത്താൻ അഗാർക്കർ തത്പര്യപ്പെടുന്നില്ലെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ ഗുവാഹത്തി ഏകദിനത്തിൽ രോഹിത് നേടിയ സെഞ്ചുറിയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മുൻ താരം.

‘അടുത്ത ലോകകപ്പ് ടീമിൽ രോഹിത് ശർമ ഉണ്ടാകരുതെന്ന് അജിത് അഗാർക്കർ വാദിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കരാർ നീട്ടിനൽകാതിരുന്നത്. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് രോഹിത് തുടർച്ചയായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

50 ഓവർ ഫീൽഡ് ചെയ്തതിനു ശേഷവും സെഞ്ച്വറി നേടുന്നതുവരെ ക്രീസിൽ ഉറച്ചുനിന്ന് ബാറ്റ് ചെയ്യാൻ സാധിച്ചത് അദ്ദേഹത്തിന്റെ മികച്ച ഫിറ്റ്നസിനെയാണ് വ്യക്തമാക്കുന്നത്. രോഹിതിന്റെ സ്ഥാനത്തെച്ചൊല്ലിയെടുത്ത മുൻ നിലപാടിൽ അഗാർക്കർ ഇപ്പോൾ തീർച്ചയായും ഖേദിക്കുന്നുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്‌ലിയും രോഹിത് ശർമയും പരസ്‌പരം ഒരുമിച്ചുള്ള മത്സരം കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് കൂട്ടിച്ചേർത്തു.

രോഹിത് ശർമയും അജിത് അഗർകറും

‘രോഹിത്തിനും വിരാടിനും ഇടയിൽ ഇപ്പോൾ ഒരു രീതിയുണ്ട്. ഒരാൾ സെഞ്ച്വറി നേടിയാൽ മറ്റേയാളും അത് പിന്തുടരുന്നു. ഇരുവരും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരമുണ്ട് മുറിവേറ്റ കടുവകളെപ്പോലെയാണ് അവർ ബാറ്റ് ചെയ്യുന്നത്. ഇത്രയും പരന്ന ഒരു പിച്ചിൽ, ഈ രീതിയിലുള്ള ആക്രമണത്തിനെതിരെ രോഹിത് സെഞ്ച്വറി നേടിയതിൽ അത്ഭുതപ്പെടാനില്ല,’ സദഗോപൻ രമേഷ് അഭിപ്രായപ്പെട്ടു.

ചീഫ് സെലക്ടർ സ്ഥാനത്തേക്കുള്ള കരാർ നീട്ടാൻ അജിത് അഗാർക്കർ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി ഒക്ടോബർ 4ന് അവസാനിക്കും.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനമായതിനാൽ ഇന്ത്യക്കായുള്ള രോഹിത്തിന്റെ അവസാന പരമ്പരയായിരിക്കും അതെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിരുന്നു. എന്നാൽ പരമ്പരയുടെ നിർണയക മത്സരത്തിൽ 110 പന്തിൽ 138 റൺസ് നേടിയ രോഹിത് അതിന് ശക്തമായ മറുപടി നൽകി.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലും മികച്ച പ്രകടനമാണ് ഹിറ്റ്മാൻ കാഴ്ചവെക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ എന്നാൽ 75 പന്തിൽ ആറ് സിക്‌സും 10 ഫോറും ഉൾപ്പെടെ 101 റൺസാണ് താരം സ്വന്തമാക്കിയത്.

Content Highlights: Following this performance by Rohit, former Indian cricketer Sadagoppan Ramesh has come forward questioning the stance of Chief Selector Ajit Agarkar

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more