| Monday, 23rd November 2026, 12:58 pm

സര്‍ക്കാരും വി.സിയും വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം; സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്തവര്‍ക്കേറ്റ തിരിച്ചടി: ശിവന്‍കുട്ടി

ശ്രീരാഗ് പാറക്കല്‍

തിരുവനന്തപുരം: കാലടിയിലെ വിദ്യാര്‍ത്ഥി സമരം വിജയിച്ചതിന് പിന്നാലെ യു.ഡി.എഫ് സര്‍ക്കാരിനെയും സര്‍വകലാശാലയെയും വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കാലടിയിലെ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയാന്‍ ആജ്ഞാപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും വി.സിയും വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിക്കാനും, റഗുലര്‍ ക്ലാസില്‍ ഇരുത്താനും, അവര്‍ക്കായി പ്രത്യേക പരീക്ഷ നടത്താനുമുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ തന്റെ ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു ശിവന്‍കുട്ടി.

വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് സര്‍വകലാശാല അന്വേഷണ റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ നടപടികളും കോടതി റദ്ദാക്കിയതെന്നും ഇത് സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന യു.ഡി.എഫ് സര്‍ക്കാരിനും വൈസ് ചാന്‍സലര്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റുവിന്റെയല്ല, പകരം നാസികളുടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം നല്‍കിയ ജോസഫ് ഗീബല്‍സിന്റെ ആശയങ്ങളാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി യാഥാര്‍ത്ഥ്യത്തെ എത്ര മോശമായി വേണമെങ്കിലും വക്രീകരിക്കാമെന്ന സര്‍ക്കാരിന്റെ കാപട്യത്തിന്റെ ഇരകളായിരുന്നു കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവുനാടകത്തെക്കുറിച്ച് അസത്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേതൃത്വം നല്‍കി. റീച്ച്സ്റ്റാഗിന് തീയിട്ടത് കമ്മ്യൂണിസ്റ്റുകാരാണെന്ന ഗീബല്‍സിയന്‍ നുണകള്‍ പോലെ, വിദ്യാര്‍ത്ഥികള്‍ വി.സിയെ ആക്രമിച്ചെന്ന് സര്‍വ്വകലാശാല അധികൃതരും സര്‍ക്കാരും യാതൊരു തെളിവുമില്ലാതെ, ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചു.

വി.സിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും യു.ഡി.എഫ് സര്‍ക്കാരും ചേര്‍ന്ന് ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയെത്തന്നെ കുരുതി കൊടുക്കാനാണ് ശ്രമിച്ചത്. പരീക്ഷയെഴുതാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിട്ടും അതിന് തടസം സൃഷ്ടിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചതെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

തെറ്റൊന്നും ചെയ്യാത്ത വിദ്യാര്‍ത്ഥികളോട് മാപ്പപേക്ഷ എഴുതി നല്‍കണമെന്നാണ് സര്‍ക്കാരും സര്‍വ്വകലാശാലയും ആജ്ഞാപിച്ചിരുന്നത്. സര്‍ക്കാരിന്റേയും വി.സിയുടേയും മാതൃക സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷകള്‍ നല്‍കിയ വി.ഡി. സവര്‍ക്കറായിരിക്കാം. പക്ഷേ, ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള കാലടിയിലെ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയം അതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റാനുള്ള നീക്കങ്ങള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുമെതിരായ പോരാട്ടമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്നും അനീതിക്ക് മുന്നില്‍ തലകുനിക്കാതെ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാലടിയിലെ വദ്യാര്‍ത്ഥി സമരത്തിന് അനുകൂലമായ വിധിയാണ് ഇന്ന് കോടതി പുറപ്പെടിയിച്ചത്.
സമരത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. സസ്‌പെന്‍ഷന്‍ കാരണം പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും കോടതി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.

ക്യാമ്പസിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രതിഷേധ നാടകത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വൈസ് ചാന്‍സലറെ ആക്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് 16 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്യുകയും നവംബറിലെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ 22 ദിവസത്തോളം നിരാഹരസമരമിരുന്നിരുന്നു.

Content Highlight: Following the success of the student protest in Kalady, former Education Minister V. Sivankutty criticized the UDF government and the university

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more