ന്യൂദല്‍ഹി: ഹിന്ദുത്വ ഇന്‍ഫ്‌ലുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിനി നിഷു ആസാദ്, പിതാവ് സഞ്ജയ് ആസാദ് എന്നിവര്‍ക്കെതിരെ ദല്‍ഹി സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
സുപ്രീം കോടതി അഭിഭാഷകയായ അമിത സച്‌ദേവയാണ് പരാതിക്കാരി. നിഷുവിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്ന് ശിവന്‍, ശ്രീകൃഷ്ണന്‍, സരസ്വതി ദേവി, ദുര്‍ഗാദേവി എന്നിവരെ കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ചെന്നാണ് ആരോപണം.
മതവികാരം വ്രണപ്പെടുത്തല്‍ , വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയിലെ ആവശ്യം. 2023 സെപ്റ്റംബര്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പങ്കുവെച്ച നാല് പോസ്റ്റുകള്‍ ഹിന്ദു മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
നിഷു പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍, അക്കൗണ്ട് കൈകാര്യം ചെയ്തതിലും വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിലും പിതാവിനുള്ള പങ്ക് അന്വേഷിക്കണമെന്നും പോസ്റ്റുകളുടെ ഐ.പി വിലാസം, ഡിവൈസ് വിവരങ്ങള്‍ എന്നിവ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും ഇവ കൂടുതല്‍ പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്തര്‍ മന്തറില്‍ വെച്ച് നടന്ന പ്രതിഷേധത്തിനിടെ നിഷുവിന്റെ പിതാവ് സഞ്ജയ് ആസാദിന്റെ തലയോട്ടി താന്‍ അടിച്ചുതകര്‍ത്തതായി സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കളുമായുള്ള ബന്ധം കാരണം തനിക്ക് ഒന്നും സംഭവിക്കില്ലെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയരുകയും സി.ജെ.പിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം സംഘടിപ്പിക്കുകയും ചെയ്തതോടെ ദല്‍ഹി പൊലീസിന് ഭരദ്വാജിനെ അറസ്റ്റ് ചെയ്യേണ്ടി വരികയായിരുന്നു.
Content Highlight: Following the arrest of Swatantra Bharadwaj, a complaint has been filed against Nishu Azad and her father, alleging that they insulted Hindu deities.