| Thursday, 2nd July 2026, 11:43 am

ജയത്തിലും കണ്ണുനീര്‍; സിദാനും റൊണാള്‍ഡീഞ്ഞോയും നേരിട്ട തിരിച്ചടിയില്‍ അമേരിക്കന്‍ താരം

സുദേവ് എ

2026 ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് യു.എസ്.എ. ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോകകപ്പിന്റെ സഹ ആതിഥേയത്വം വഹിക്കുന്ന രാജ്യം കൂടിയായ അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ലോകകപ്പില്‍ നോക്ക് ഔട്ട് മത്സരം വിജയിക്കുന്നത്.

വിജയത്തിനൊപ്പം അമേരിക്ക മത്സരത്തില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ടീമിന്റെ ഈ ലോകകപ്പിലെ ടോപ് സ്‌കോററായ ഫോളാരിന്‍ ബലോഗണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതാണ് അമേരിക്കക്ക് തലവേദനായായത്. മത്സരത്തില്‍ അമേരിക്കക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയതും ബലോഗണ്‍ ആയിരുന്നു. മിന്നും ഫോമിലുള്ള താരത്തിന് അടുത്ത മത്സരം നഷ്ടമാവും.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 64ാം മിനിട്ടിലാണ് നാടകീയ സംഭവം നടന്നത്. ബോസ്നിയന്‍ ഡിഫന്‍ഡര്‍ താരിഖ് മുഹറെ മൊവിച്ചുമായി ബലോഗണ്‍ കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാര്‍ പരിശോധിക്കുകയുമായിരുന്നു. ബലോഗണ്‍ കടുത്ത ഫൗള്‍ ചെയ്തുവെന്ന് വാറിലൂടെ കണ്ടെത്തുകയും താരത്തിന് നേരെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുകയുമായിരുന്നു.

ലോകകപ്പില്‍ ഒരു നോക്ക് ഔട്ട് മത്സരത്തില്‍ ഗോള്‍ നേടുകയും പിന്നീട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്യുന്ന നാലാമത്തെ താരമാണ് ബലോഗണ്‍. ബ്രസീലിയന്‍ താരങ്ങളായ ഗാരിഞ്ച, റൊണാള്‍ഡീഞ്ഞോ, ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ എന്നിവര്‍ക്ക് ശേഷമാണ് മറ്റൊരു താരം ഇത്തരത്തില്‍ റെഡ് കാര്‍ഡ് കണ്ട് മടങ്ങിയത്.

1962 ലോകകപ്പ് സെമി ഫൈനലില്‍ ചിലിക്കെതിരെ ഗാരിഞ്ചയാണ് ആദ്യമായി ഈ നിര്‍ഭാഗ്യം നേരിട്ടത്. പിന്നീട് 2002 ലോകകപ്പില്‍ റൊണാള്‍ഡീഞ്ഞോയും ഈ തിരിച്ചടി നേരിട്ടു. ക്വാര്‍ട്ടര്‍ ഫൈനലിള്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രസീലിയന്‍ ഇതിഹാസം പുറത്തായത്.

2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെയായിരുന്നു സമാനമായ രീതിയില്‍ സിദാന്‍ പുറത്തായത്. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് നോക്ക് ഔട്ടില്‍ അമേരിക്കന്‍ താരത്തിനും ഈ തിരിച്ചടിയേറ്റിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ ബലോഗാണിന്റെ ഗോളില്‍ ലീഡ് നേടിയ അമേരിക്ക മാലിക് ടില്‍മാന്റെ ഗോളിലൂടെ വിജയം പൂര്‍ണമായും കൈപ്പിടിയിലാക്കി. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയമാണ് അമേരിക്കയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ ബലോഗാണിന്റെ അഭാവം യു.എസ്.എക്ക് വലിയ തിരിച്ചടിയായിരിക്കും നല്‍കുക.

ആഫ്രിക്കന്‍ ടീമായ സെനഗലിനെതിരെ 3-2ന് കീഴടക്കിയാണ് ബെല്‍ജിയം അടുത്ത റൗണ്ടിലേക്ക് കടന്നത്. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ബെല്‍ജിയത്തിന്റെ തിരിച്ചുവരവ്.

Content Highlight: Folarin Balogun faced a big setback in fifa world cup 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more