| Wednesday, 30th September 2026, 7:27 pm

ദുബായ് - ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കി; പൈലറ്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍

റെന്വര്‍ പി

റിയാദ്: യു.എ.ഇയിലെ ദുബായില്‍ നിന്ന് ഇസ്രഈല്‍ തലസ്ഥാനം ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ലൈദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി. സൗദി അറേബ്യയിലെ സൈനിക താവളം കൂടിയായ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.

അടിയന്തര സന്ദേശം വിമാനത്തില്‍ നിന്ന് ലഭിച്ചതിനെത്തുടര്‍ന്നാണ് നിലത്തിറക്കിയതെന്ന് ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ ഒരു പ്രശ്‌നത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് വിമാന കമ്പനി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ബോയിങ് 737 മാക്‌സ് എട്ട് വിമാനമാണ് ഇതെന്ന്് ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രീനിച്ച് സമയം പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാണ് (ഇന്ത്യന്‍ സമയം രാവിലെ പതിനൊന്ന് മണിയോട) സംഭവം. ഗ്രീനിച്ച് സമയം അഞ്ചേ ഇരുപത്തൊന്നിന് ഏകദേശം 34,000 അടി ഉയരത്തിലായിരുന്ന വിമാനം ഒരു മിനുറ്റില്‍ 17,000 അടിയില്‍ താഴേക്ക് ഇറങ്ങിയതായി ‘ഫ്‌ലൈറ്റ് റഡാര്‍ 24’ വെബ്സൈറ്റിലെ വിവരങ്ങള്‍ പറയുന്നു.

വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടിലിനെത്തെത്തുടര്‍ന്ന് വിമാന കമ്പനി ‘നിയമവിരുദ്ധമായ ഇടപെടല്‍’ എന്ന മുന്നറിയിപ്പ് നല്‍കുകയായിരുന്നെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റിനെയും സഹപൈലറ്റിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തബൂക്ക് വിമാനത്താവള അധികൃതര്‍ അറിയിച്ചു. പകരം മറ്റൊരു വിമാനം ക്രമീകരിക്കുന്നതിനായി ഫ്‌ലൈദുബായിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സൗദി അറേബ്യയില്‍ നിന്നുള്ള ഇസ്രഈലി യാത്രക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുകയാണെന്ന് ഇസ്രഈല്‍ അറിയിച്ചു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന് ചുറ്റും സൗദി സുരക്ഷാ സേനയുടെ കനത്ത സാന്നിധ്യമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് നിലവിളി ശബ്ദവും പൈലറ്റുമാര്‍ തമ്മിലുള്ള തര്‍ക്കവും കേട്ടതായും അടിയന്തര ലാന്‍ഡിങിന് തൊട്ടുമുമ്പ് വിമാനം കുത്തനെ താഴേക്ക് പതിച്ചതായും യാത്രക്കാര്‍ പറഞ്ഞതായി ഇസ്രഈലിലെ ‘ചാനല്‍ 12’ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ മുന്‍ ഭാഗത്ത് നിന്ന് നിലവിളി ശബ്ദം കേട്ടതായും, കത്തി കൈയ്യിലുണ്ടായിരുന്ന ഒരാള്‍ പൈലറ്റുമാരില്‍ ഒരാളെ ബലമായി തറയില്‍ വീഴ്ത്തിയതായും ഒരു യാത്രക്കാരിയുടെ മാതാവ് പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് അവര്‍ പങ്കുവെച്ചതെന്നും റോയിറ്റേഴ്‌സ് വ്യക്തമാക്കി.

വിമാനം ജോര്‍ദാന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുമ്പോഴാണ് സൗദിയിലേക്ക് വഴിതിരിച്ചുവിട്ടത്. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കോക്ക്പിറ്റില്‍ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. വിമാനം സൗദി അറേബ്യയില്‍ ഇറങ്ങിയ സമയത്ത്, ഇതൊരു വിമാന റാഞ്ചല്‍ അല്ലെന്നും മറിച്ച് ‘വ്യത്യസ്തമായ ഒരു സംഭവം’ ആണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ വക്താവ് പറഞ്ഞതായും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തില്‍ ഏകദേശം 150 ഇസ്രഈലി യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനം ഇറങ്ങിയ സൗദി അറേബ്യയുമായി ഇസ്രഈലിന് ഔദ്യോഗിക നയതന്ത്രബന്ധമില്ല. ഇത് ഇസ്രഈലില്‍ സുരക്ഷാതല ചര്‍ച്ചകള്‍ക്ക് വഴിവെച്ചതായാണ് വിവരം.

ഈ സംഭവത്തെക്കുറിച്ച് ഇസ്രായേലി മാധ്യമങ്ങളില്‍ പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് വരുന്നത്. പൈലറ്റുമാര്‍ ഒമാന്‍, യു.എ.ഇ പൗരന്മാരാണെന്ന് ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടപ്പോള്‍, അവര്‍ റഷ്യന്‍, ഉക്രേനിയന്‍ പൗരന്മാരാണെന്ന് മറ്റു ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിനും യു.എ.ഇക്കുമിടയിലുള്ള ഒരു വിമാനം സൗദി അറേബ്യയില്‍ ഇറങ്ങുന്നത് ഇതാദ്യമായല്ല. യാത്രക്കാരിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ലൈദുബായ് വിമാനം 2025 സെപ്റ്റംബറില്‍ റിയാദില്‍ അടിയന്തരമായി ഇറങ്ങിയിരുന്നതായി അന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Flydubai flight from Dubai, UAE to Israel’s Tel  Aviv diverted to Saudi Arabia after emergency alert

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more