വാഷിങ്ടണ്‍: മെറ്റയുടെ ചാറ്റ്‌ബോട്ടുകള്‍ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിച്ച് മെറ്റ. കൗമാരക്കാരുടെ സ്വകാര്യ ചാറ്റുകള്‍ എ.ഐ ക്യാരക്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കാന്‍ രക്ഷിതാക്കളെ അനുവദിക്കുമെന്ന് മെറ്റ അറിയിച്ചു.
മെറ്റയുടെ ചാറ്റ് ബോട്ടുകള്‍ അമിതമായി പ്രണയാര്‍ദ്രമായി(ഫ്‌ളേര്‍ട്ടി)പെരുമാറുന്നെന്ന വിമര്‍ശനം ശക്തമായതോടെയാണ് മെറ്റയുടെ ഇടപെടല്‍. പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയാണിതെന്ന് മെറ്റ വിശദീകരിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ അനുചിതമായ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് തടയുന്നതിനായി കൗമാരക്കാര്‍ക്കുള്ള എ.ഐ അനുഭവങ്ങള്‍ പി.ജി-13 മൂവി റേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതല്‍ നല്‍കുകയെന്നും മെറ്റ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.
എ.ഐ ആക്‌സസ് പൂര്‍ണമായും ഓഫാക്കാതെ തന്നെ എ.ഐ ക്യാരക്ടേഴ്‌സിനെ തടയാനും മക്കളുടെ മെറ്റ എ.ഐ ചാറ്റ് ബോട്ടുകളുമായുള്ള ചാറ്റ് കാണാനും ഇനിമുതല്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് മെറ്റ അറിയിച്ചു.
മാതാപിതാക്കള്‍ എ.ഐ ക്യാരക്ടേഴ്‌സുമായുള്ള കൗമാരക്കാരുടെ വണ്‍-ഓണ്‍-വണ്‍ ചാറ്റുകള്‍ ഓഫാക്കിയാലും പ്രായത്തിനനുസരിച്ചുള്ള ഡിഫോള്‍ട്ടുകള്‍ക്കൊപ്പം എ.ഐ അസിസ്റ്റുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.
ഇതിനോടകം തന്നെ ഇത്തരം അക്കൗണ്ടുകളില്‍ ആവശ്യമുള്ള പരിരക്ഷകള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. കൗമാരക്കാര്‍ മുതിര്‍ന്നവരാണെന്ന് അവകാശപ്പെട്ടാലും അവരെ സംരക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ എ.ഐ സിഗ്നലുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
കുട്ടികള്‍ സ്വയം ഉപദ്രവം, ആത്മഹത്യ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെ കുറിച്ച് ചാറ്റുകള്‍ നടത്താതിരിക്കാനാണ് എ.ഐ ക്യാരക്ടേഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്.
സ്വയം ഉപദ്രവിക്കാനുള്ള വഴികള്‍ ചാറ്റ് ബോട്ടില്‍ നിന്നും ശേഖരിച്ച് ഒരു കൗമാരക്കാരന്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസം, ഓപ്പണ്‍ എ.ഐ, ചാറ്റ് ജി.പി.ടിക്ക് വെബിലും മൊബൈലിലും പാരന്റല്‍ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചിരുന്നു.
അതേസമയം, ചാറ്റ് ബോട്ടുകള്‍ ഏര്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ യു.എസിലെ റെഗുലേറ്റര്‍മാര്‍ എ.ഐ കമ്പനികളുടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മെറ്റയുടെ എ.ഐ കമ്പനികള്‍ കൗമാരക്കാരുമായി പ്രകോപനപരമായ സംഭാഷണങ്ങള്‍ അനുവദിക്കുന്നതിനെതിരെ റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെറ്റ അവകാശപ്പെടുന്ന പല സുരക്ഷാ സംവിധാനങ്ങളും ഇന്‍സ്റ്റഗ്രാമില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Content Highlight: ‘Flirty’ chatbots; Meta gives parents more control