| Wednesday, 21st May 2025, 2:11 pm

കുത്തകകള്‍ സൃഷ്ടിക്കുന്നതില്‍ ഫ്ലിപ്കാർട്ട് പേരുകേട്ടവര്‍, വന്‍കിട നിക്ഷേപം ആഗ്രഹിക്കുമ്പോഴും ആശങ്കയുണ്ട്: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വന്‍കിട കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സുപ്രീം കോടതി. ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് കുത്തകകള്‍ സൃഷ്ടിക്കുന്നതില്‍ പേരുകേട്ടവരാണെന്നും വിപണിയിലെ ചെറിയ കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനായി ഇവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘വലിയ കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഡ്രാഗന്റെ വായയെ കുറിച്ച് ആശങ്കയുമുണ്ട്,’ എന്നാണ് കോടതി പറഞ്ഞത്.

രാജ്യത്തെ ചെറുകിട കമ്പനികളുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും ബെഞ്ച് പറഞ്ഞു. ഫ്ലിപ്കാര്‍ട്ടിനെതിരെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.ടി) അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഫ്ലിപ്കാര്‍ട്ടിനെതിരെ ഫെയര്‍-ട്രേഡ് റെഗുലേറ്ററായ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) അന്വേഷണം നടത്തണമെന്നായിരുന്നു എന്‍.സി.എല്‍.ടിയുടെ ഉത്തരവ്. ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെണ്ടേഴ്സ് അസോസിയേഷന്‍ (എ.ഐ.ഒ.വി.എ) നല്‍കിയ പരാതിയിലാണ് എന്‍.സി.എല്‍.ടി അന്വേഷണത്തിന് ഉത്തരവിട്ടത്.

2018 നവംബറിലാണ് സ്ഥാപനത്തിനെതിരെ എ.ഐ.ഒ.വി.എ പരാതി നല്‍കിയത്. പിന്നീട് എന്‍.സി.എല്‍.ടിയുടെ അന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്ത് ഫ്ലിപ്കാര്‍ട്ട് രംഗത്തെത്തി. ഇതോടെ അന്വേഷണത്തില്‍ നിന്ന് സി.സി.ഐയെ എന്‍.സി.എല്‍.ടി മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഇരു സ്ഥാപനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു.

ഒടുവില്‍ തര്‍ക്കം കോടതിയിലെത്തിയതോടെ, ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെണ്ടേഴ്സ് അസോസിയേഷന്റെ പരാതി എന്തുകൊണ്ടാണ് എങ്ങും എത്താത്തതെന്നും ബെഞ്ച് ചോദിച്ചു. പിന്നാലെ കുത്തക സൃഷ്ടിക്കാന്‍ ഫ്ലിപ്കാര്‍ട്ട് ശ്രമിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എന്‍.സി.എല്‍.ടിയും സി.സി.ഐയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

എന്നാല്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് അവരുടെ ബിസിനസ് ദേശീയ തലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് ഫ്ലിപ്കാര്‍ട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം ചിലസമയങ്ങളില്‍ പ്ലാറ്റ്‌ഫോം നല്‍കുന്ന വാഗ്ദാനങ്ങള്‍ ചെറുകിട കമ്പനികളുടെ ബിസിനസിനെയും വിപണിയുടെ സാധാരണയായ സന്തുലിതാവസ്ഥയെയും അപകടത്തിലാക്കാറുണ്ടെന്ന് കോടതി മറുപടി നല്‍കി.

കേസിലെ അടുത്ത വാദം ഓഗസ്റ്റില്‍ കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

Content Highlight: Flipkart is known for creating monopolies: Supreme Court

We use cookies to give you the best possible experience. Learn more