കൊച്ചി: ആകാശച്ചുഴിയില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുഴിയില്‍പ്പെട്ട് ശക്തമായി ആടിയുലഞ്ഞ വിമാനത്തിലെ യാത്രക്കാര്‍ സീറ്റുകളില്‍ നിന്ന് തെറിച്ച് തറയില്‍ വീണു. നെടുമ്പാശ്ശേരിയിലേക്ക് വരുകയായിരുന്ന എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കൊച്ചിയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ ഗോവയുടെ ആകാശപരിധിയില്‍ വെച്ചാണ് സംഭവം.
20,000 അടി ഉയരത്തില്‍ വെച്ച് ആടിയുലഞ്ഞ വിമാനം പെട്ടെന്ന് 5000 അടിയിലേക്ക് താഴ്ന്നു. വിമാനത്തിന്റെ ഉള്‍ഭാഗത്തും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സീറ്റ് ബെല്‍റ്റിടാതിരുന്ന യാത്രക്കാരാണ് തറയിലേക്ക് വീണത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവമുണ്ടായത്. അല്‍പസമയം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ഉടന്‍ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
വിമാനം പിന്നീട് നെടുമ്പാശ്ശേരിയില്‍ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാര്‍ പലരും പേടിച്ച് നിലവിളിച്ചു. 361 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്
നേര്‍രേഖയില്‍ പോകേട്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന അവസ്ഥയെയാണ് ആകാശച്ചുഴി(എയര്‍ഗട്ടര്‍ അഥവ എയര്‍പോക്കറ്റ്)എന്ന് പറയുന്നത്. ഇപ്രകാരം കാറ്റിന്റെ ഗതിപെട്ടെന്ന് താഴേക്ക് ആകുമ്പോള്‍ വിമാനത്തിന്റെ സഞ്ചാരപദവും അപ്രതീക്ഷിതമായി താഴേക്കാകും.