| Tuesday, 29th April 2025, 6:48 am

വാക്സിനെടുത്തിട്ടും പേവിഷ ബാധ; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പെരുവളളൂര്‍ കാക്കത്തടം സ്വദേശികളുടെ മകൾ സന ഫാരിസാണ് മരണപ്പെട്ടത്. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മിഠായി വാങ്ങാനായി പുറത്തുപോയ കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിക്ക് ഐ.ഡി.ആര്‍.ബി വാക്സിന്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രതിരോധ വാക്സിന്‍ എടുത്ത ശേഷവും കുട്ടി പേവിഷബാധയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

തെരുവുനായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ആദ്യ പ്രതിരോധ വാക്‌സിനെടുക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മുറിവുകള്‍ പെട്ടെന്ന് ഭേദമായെന്നും പിന്നീട് പനി തുടങ്ങുകയായിരുന്നുവെന്നും കുഞ്ഞിന്റെ അച്ഛന്‍ ഫാരിസ് പറഞ്ഞു.

മൂന്ന് ഡോസ് ഐ.ഡി.ആര്‍.വി വാക്‌സിന്‍ കുട്ടിക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായാണ് കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടത്. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

Content Highlight: Five-year-old girl dies of rabies despite being vaccinated

We use cookies to give you the best possible experience. Learn more