ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതിയിലൂടെ ലഭിച്ച കഫ് സിറപ്പ് കഴിഞ്ഞ് അഞ്ചുവയസുകാരന്‍ മരിച്ചു. സിക്കാര്‍ ജില്ലയിലെ ഖോരി ബ്രഹ്‌മണന്‍ ഗ്രാമത്തിലെ നിതീഷാണ് മരിച്ചത്.
ചിരാന സി.എച്ച്.സിയില്‍ നിന്ന് സൗജന്യമായി വിതരണ ചെയ്ത മരുന്ന് കഴിച്ചതോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു.
ഞായറാഴ്ചയാണ് കുട്ടി കഫ് സിറപ്പ് കഴിച്ചത്. കടുത്ത ചുമയും ജലദോഷവുമുണ്ടായിരുന്ന കുട്ടിക്ക് അമ്മയാണ് കഫ് സിറപ്പ് നല്‍കിയത്. പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
എന്നാല്‍ ആശുപത്രിയിലെത്തുന്നതിനും മുമ്പേ അഞ്ചുവയസുകാരന്‍ മരിച്ചിരുന്നതായി എ.എസ്.ഐ രോഹിതാസ് കുമാര്‍ ജംഗിദിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കുട്ടിയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പരിശോധനകള്‍ക്ക് ശേഷം മരണം സ്ഥിരീകരിച്ചെന്നുമാണ് ഡോക്ടര്‍ രഞ്ജിത്ത് ബെന്‍ഡ അറിയിച്ചത്.
അതേസമയം കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കുടുംബം വിസമ്മതിച്ചതായി പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തെ രേഖാമൂലം എതിര്‍ത്തുകൊണ്ട് കുട്ടിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങിയതായി പൊലീസ് അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ഇത്തരം കേസുകള്‍ ഇതാദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അജിത്ഗഡ് മേഖലയില്‍ സമാനമായ മരുന്ന് കഴിച്ച രണ്ട് കുട്ടികളുടെ ആരോഗ്യനില വഷളായിരുന്നു.
ഭരത്പൂര്‍ ജില്ലയിലും സി.എച്ച്.സി മുഖേന വിതരണം ചെയ്ത മരുന്ന് കഴിച്ചവര്‍ക്ക് തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് മാത്രമല്ല, കഫ് സിറപ്പ് കഴിച്ച മുതിര്‍ന്നവരുടെയും ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിന്നാലെ രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കഫ് സിറപ്പിന്റെ വിതരണം നിര്‍ത്തിവെച്ചിരുന്നു. 19 ബാച്ചുകളുടെ വില്‍പന തടസപ്പെടുത്തുകയായിരുന്നു. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
Content Highlight: Five-year-old dies after consuming government-distributed cough syrup in Rajasthan