കല്‍പ്പറ്റ: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരകളായി കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ വയനാട്ടില്‍ മാത്രം ജീവന്‍ വെടിഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍. പാര്‍ട്ടിയിലെ തമ്മിലടിയും ബാങ്ക് – വായ്പ തട്ടിപ്പുകളും കാരണമാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ ഡി.സി.സി സെക്രട്ടറി അടക്കമുള്ള നേതാക്കളുണ്ട്. ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.വി. ജോണ്‍ മുതല്‍ ജോസ് നെല്ലേടം വരെയാണ് പാര്‍ട്ടി പോരില്‍ ഇരകളായവര്‍.
മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.വി. ജോണാണ് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഈ പട്ടികയിലെ ആദ്യ ഇര. 2015 നവംബറില്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ മത്സരാര്‍ത്ഥിയാക്കി കാലുവാരിയതിന്റെ മനോവിഷമമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.
മാനന്തവാടി നഗരസഭയില്‍ പുത്തന്‍പുര ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.വി. ജോണ്‍. ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് അദ്ദേഹത്തിന് ഈ സീറ്റ് ലഭിച്ചത്. പ്രതിഷേധം തണുപ്പിക്കാന്‍ സീറ്റ് നല്‍കിയതിന് ശേഷം ജോണിനെ പരാജയപ്പെടുത്താന്‍ മറ്റാരൊളെയും നിര്‍ത്തി. തെരഞ്ഞെടുപ്പില്‍ വെറും 39 വോട്ടുകള്‍ മാത്രം ലഭിച്ച ജോണ്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ.
ഗ്രൂപ്പ് പോരിന്റെ രണ്ടാം ഇര കോണ്‍ഗ്രസ് അനുഭാവിയും പുല്‍പള്ളി മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ അടുത്തയാളുമായിരുന്ന പുല്‍പള്ളി ചെമ്പകമൂല ഇളയിടത്ത് രാജേന്ദ്രന്‍ നായരാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പുല്‍പ്പള്ളി ബാങ്കിലെ വായ്പ തട്ടിപ്പിന്റെ ഇരയായാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. 2023 മെയ് 29നാണ് രാജേന്ദ്രന്‍ നായര്‍ ജീവനൊടുക്കിയത്.
70 സെന്റ് പണയപ്പെടുത്തി ബാങ്കില്‍ നിന്ന് 70,000 രൂപ രാജേന്ദ്രന്‍ വായ്പ എടുത്തിരുന്നു. ഇതിനായി ഉപയോഗിച്ച ഭൂരേഖകള്‍ ദുരുപയോഗം ചെയ്ത് ഭരണസമിതി 24.30 ലക്ഷം രൂപ തട്ടിയെടുത്തു. അതോടെ 46 ലക്ഷം രൂപയുടെ ബാധ്യത രാജേന്ദ്ര നായരുടെ ചുമലിലായി. ഇതിന് പിന്നാലെ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
എൻ.എം. വിജയനും ജിജേഷും
മുന്‍ ഡി.സി.സി ട്രഷററായിരുന്ന എന്‍.എം. വിജയനും അദ്ദേഹത്തിന്റെ മകന്‍ ജിജേഷുമാണ് ഈ പരമ്പരയിലെ അടുത്ത ഇരകള്‍. 2024 ഡിസംബര്‍ 24ന് ഭിന്നശേഷിക്കാരനായ മകന്‍ ജിജേഷിന് വിഷം കൊടുത്ത ശേഷം വിജയനും ജീവനൊടുക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബത്തേരിയിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ നിയമന തട്ടിപ്പിന്റെ ഇരകളായിരുന്നു ഇരുവരും.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തുകള്‍ എഴുതിവച്ചായിരുന്നു ഈ ആത്മഹത്യ. ഇവരുടെ മരണത്തില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ഡി.സി.സി ട്രഷററായിരുന്ന കെ.കെ.ഗോപിനാഥന്‍ എന്നിവരെ ആത്മത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം എന്‍.എം. വിജയന്റെ മരുമകള്‍ കോണ്‍ഗ്രസ് നേതൃത്വം വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
രാജേന്ദ്രൻ നായരും പി.വി. ജോണും ജോസ് നെല്ലേടവും
കോണ്‍ഗ്രസിലെ തമ്മിലടിയിലെ ഒടുവിലെ ഇരയാണ് ഈ മാസം ജീവനൊടുക്കിയ മുള്ളന്‍കൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവുമായ ജോസ് നെല്ലേടം. മണ്ഡലത്തിലെ രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഭാഗമായി വാര്‍ഡ് പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കാന്‍ എതിര്‍വിഭാഗം ശ്രമിച്ചതില്‍ ജോസ് നെല്ലേടത്തിനും പങ്കുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.
മുള്ളന്‍കൊല്ലി മണ്ഡലത്തിലെ വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടില്‍ കര്‍ണാടകമദ്യവും സ്‌ഫോടകവസ്തുക്കളും കൊണ്ടുവച്ച് കള്ളക്കേസില്‍ കുടുക്കിയിരുന്നു. ഇതില്‍ തങ്കച്ചന്‍ 17 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരില്‍ ജോസുമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ തങ്കച്ചനെതിരെ വിവരം നല്‍കിയതിന് ജോസിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ജോസ് ജീവനൊടുക്കിയത്.
കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ഈ അഞ്ച് പേരും ജീവനൊടുക്കിയത്. ഇവരുടെ ആത്മഹത്യ കുറിപ്പില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഇവരൊക്കെ ഇപ്പോഴും സുരക്ഷിതരാണ്.
Content Highlight: Five suicides in ten years in Wayanad due to group conflict in Congress party