കോണ്‍ഗ്രസില്‍ നിന്നും അകന്ന് ബി.ജെ.പിയുമായി അടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എം.പിയുമായ ശശി തരൂര്‍.
കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന നിരവധി പ്രസ്താവനകളാണ് അടുത്തിടെ തരൂര്‍ നടത്തിയിരിക്കുന്നത്. തരൂരിന്റെ നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അസ്വാരസ്യത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
സമീപകാലത്തായി തരൂര്‍ നടത്തിയ ചില വിവാദ പ്രസ്താവനകള്‍
1. മോദി ആഗോള വേദികളിലെ ഇന്ത്യയുടെ സ്വത്ത്
രാജ്യത്തിനകത്തും പുറത്തുമായി വിവിധ വേദികളില്‍ ഒന്നിലേറെ തവണയാണ് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തിയത്.
ഇന്ത്യയുടെ ആഗോള വേദിയിലെ പ്രധാന മുതല്‍ക്കൂട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.
ഊര്‍ജ്ജസ്വലതയും, ചലനാത്മകതയും, ലോകരാജ്യങ്ങളുമായി ഇടപഴകാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും ഇന്ത്യക്ക് ആഗോളതലത്തില്‍ ഒരു ‘പ്രധാന മുതല്‍ക്കൂട്ട്’ ആണെന്നും തരൂര്‍ പറഞ്ഞു. ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.
ശക്തമായ ദേശീയതയാണ് ബി.ജെ.പി ഭരണത്തില്‍ പ്രതിഫലിക്കുന്നതെന്നും കഴിഞ്ഞ 78 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രീയത്തിലും ദൃശ്യമാണെന്നും ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ തരൂര്‍ പറഞ്ഞിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മോദി വളരെ നന്നായി കൈകാര്യം ചെയ്‌തെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ മുഴുവന്‍ മാര്‍ക്കും നല്‍കി മോദിയെ അഭിനന്ദിക്കുകയാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
പനാമയില്‍ നടത്തിയ പ്രസംഗത്തില്‍ ഭീകരവാദത്തിനെതിരായ മോദി സര്‍ക്കാരിന്റെ നടപടിയെ തരൂര്‍ വാനോളം പുകഴ്ത്തി. ഭീകരര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചതായും തരൂര്‍ പറഞ്ഞു.
ഉറിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചും ബാലാക്കോട്ടെ ഭീകരവാദ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളെ കുറിച്ചുമെല്ലാം തരൂര്‍ ഇവിടെ പരാമര്‍ശിച്ചിരുന്നു.
മോദി പ്രശംസ ബി.ജെ.പിയിലേക്ക് മാറാനുള്ള സൂചനയാണെന്ന വിമര്‍ശനത്തെ തരൂര്‍ തള്ളിക്കളഞ്ഞിരുന്നു. ഇത് ദേശീയ ഐക്യത്തിനും താല്‍പ്പര്യത്തിനും വേണ്ടിയുള്ള ആഹ്വാനമാണെന്നും, ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതിന്റെ സൂചനയല്ലെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്.
തരൂരിന്റെ ‘മോദി സ്തുതി’ കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് മോദി സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിക്കുമ്പോള്‍, തരൂരിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
‘ചിലര്‍ക്ക് മോദി ആദ്യം, രാജ്യം പിന്നെ’ എന്ന നിലപാടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ചപ്പോള്‍ ‘പക്ഷിക്ക് പറക്കാന്‍ അനുവാദം ചോദിക്കേണ്ടതില്ല, ചിറകുകള്‍ നിങ്ങളുടേതാണ്’ എന്നായിരുന്നു തരൂര്‍ ഇതിന് മറുപടിയായി എക്‌സില്‍ കുറിച്ചത്.
2. അടിയന്തരാവസ്ഥ ‘ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായം
ശശി തരൂര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളില്‍ ഏറ്റവും വിവാദമായ ഒന്നാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം. ദേശീയ മാധ്യമമായ പ്രോജക്ട് സിന്‍ഡിക്കേറ്റില്‍ എഴുതിയ ലേഖനത്തിലായിരുന്നു അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട തരൂരിന്റെ പ്രതികരണം.
1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ ‘ഇന്ത്യന്‍ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായം’ എന്നായിരുന്നു തരൂര്‍ വിശേഷിപ്പിച്ചത്.
’21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നു’ എന്നായിരുന്നു തരൂര്‍ ലേഖനത്തില്‍ കുറിച്ചത്.
അച്ചടക്കത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളായി മാറിയെന്നും ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് നയിച്ച നിര്‍ബന്ധിത വന്ധ്യംകരണ പരിപാടികള്‍ അതിന് ഉദാഹരണമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
ദരിദ്ര ഗ്രാമീണ പ്രദേശങ്ങളില്‍ സ്വേച്ഛാപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചെന്നും ദല്‍ഹി പോലുള്ള നഗരങ്ങളിലെ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കിയെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഒരു ഭരണകൂടം ജനങ്ങളോട് എങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറി എന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തരൂരിന്റെ ഈ ലേഖനം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കും അതൃപ്തിക്കും വഴിവെച്ചിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് തന്നെ ഇത് കാരണമായി.
കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തല്‍.
എന്നാല്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തരൂരിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയും ഇത് കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.
3. ഓപ്പറേഷന്‍ സിന്ദൂറില്‍ അഭിമാനം
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ അഭിമാനിക്കുന്നെന്ന തരൂരിന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിയൊരുക്കി.
ഓപ്പറേഷന്‍ സിന്ദൂറിനെ ശക്തവും ബുദ്ധിപൂര്‍വവുമായ തിരിച്ചടിയെന്ന് വിശേഷിപ്പിച്ച തരൂര്‍, പാക് സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ ‘നാം നമ്മുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു’ എന്നായിരുന്നു വ്യക്തമാക്കിയത്.
‘മുന്‍കൂട്ടി നിര്‍ണയിച്ച്, കണക്കുകൂട്ടി കൃത്യമായ ആക്രമണമാണ് ഭീകരരുടെ കേന്ദ്രങ്ങള്‍ക്കെതിരായി നടന്നത്. ശക്തമായും, സമര്‍ത്ഥമായും തിരിച്ചടിക്കുക എന്ന് ഞാന്‍ ആവശ്യപ്പെട്ടത് സംഭവിച്ചിരിക്കുന്നു. നമ്മുടെ സായുധ സേനയ്ക്കൊപ്പം ഉറച്ചുനിന്നുകൊണ്ട് സര്‍ക്കാരിന് എന്റെ അഭിനന്ദനം,’ എന്നായിരുന്നു തരൂര്‍ പറഞ്ഞത്.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏഴ് സര്‍വകക്ഷി പ്രതിനിധി സംഘങ്ങളെ അയച്ചിരുന്നു. ഇതില്‍ ഒരു സംഘത്തെ നയിക്കാന്‍ ശശി തരൂരിനെ കേന്ദ്രം ക്ഷണിച്ചു. ഈ ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും, ദേശസേവനം പൗരന്മാരുടെ കടമയാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
ശശി തരൂര്‍ ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചതും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി സംഘത്തെ നയിക്കാന്‍ സമ്മതിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.
കോണ്‍ഗ്രസ് നല്‍കിയ പ്രതിനിധികളുടെ പട്ടികയില്‍ ശശി തരൂരിന്റെ പേര് ഉണ്ടായിരുന്നില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരു രാഷ്ട്രീയ തര്‍ക്കത്തിന് വഴിവെച്ചിരുന്നു.
4. ഇന്ത്യയിലെ ഇസ്രഈല്‍ അംബാസിഡര്‍ സംഘടിപ്പിച്ച വിരുന്നിലെ പങ്കാളിത്തം
ഇന്ത്യയിലെ ഇസ്രഈല്‍ അംബാസിഡര്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണത്തില്‍ ശശി തരൂര്‍ പങ്കെടുത്തത് അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഇസ്രഈല്‍-പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത നിലപാടില്‍ നിന്ന് വ്യത്യസ്തമായി തരൂര്‍ ഇസ്രഈല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതും ഇസ്രഈലിന്റെ അധിനിവേശത്തെ എതിര്‍ക്കുന്നതുമാണ് കോണ്‍ഗ്രസിന്റെ ദീര്‍ഘകാലത്തെ വിദേശനയം. ഈ സാഹചര്യത്തില്‍, ശശി തരൂര്‍ ഒരു ഇസ്രഈല്‍ പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ തരൂര്‍ പങ്കെടുത്തത് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.
നേരത്തെ മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസ് ഭീകരവാദികള്‍ ആണെന്ന പരാമര്‍ശം തരൂര്‍ നടത്തിയിരുന്നു.
ഇസ്രഈലില്‍ ഒക്ടോബര്‍ എഴിന് നടന്നത് ഭീകരാക്രമണമാണെന്നാണ് റാലിയില്‍ മുഖ്യപ്രഭാഷണം നടത്തിയ തരൂര്‍ പറഞ്ഞത്.
ഭീകരവാദികള്‍ ഇസ്രഈലില്‍ ആക്രമണം നടത്തി 1400 വ്യക്തികളെ കൊന്നുവെന്നായിരുന്നു തരൂര്‍ പറഞ്ഞത്. 200 പേരെ അവര്‍ ബന്ദികളാക്കി. അതിന്റെ മറുപടിയായി 6000 പേരെ കൊന്നു കഴിഞ്ഞിട്ടും ബോംബിടല്‍ നിര്‍ത്തിയിട്ടില്ല.
ഇസ്രഈലില്‍ ഭീകരവാദികള്‍ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നപ്പോള്‍ ലോകം അപലപിച്ചതാണ്. അതേ രീതിയില്‍ ഇസ്രഈല്‍ ബോംബിങ്ങിനെയും നാം അപലപിക്കുന്നുവെന്നും തരൂര്‍ പറഞ്ഞിരുന്നു.
2009 ജനുവരി 23 ന് ഇസ്രഈല്‍ പത്രമായ ഹാരെറ്റ്‌സില്‍ ശശി തരൂര്‍ എഴുതിയ ‘Indias Isreal Envy’ എന്ന ലേഖനം അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇന്ത്യയും ഇസ്രഈലുമായുള്ള ഭീകരവാദ വിരുദ്ധ സമീപനങ്ങളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു തരൂര്‍ ഈ ലേഖനം എഴുതിയത്. മുംബൈ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ലേഖനം വന്നതെന്നതും ശ്രദ്ധേയമാണ്.
ഇസ്രഈല്‍ നിരന്തരമായി ഭീകരാക്രമണങ്ങള്‍ നേരിടുന്ന ചെറിയ രാജ്യമാണെന്നും എന്നാല്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നുമായിരുന്നു ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്.
ഇന്ത്യ ഒരു വലിയ രാജ്യമാണെങ്കിലും ഭീകരാക്രമണങ്ങളെ ഇസ്രഈല്‍ നേരിടുന്നതുപോലെ ശക്തമായി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നും തരൂര്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയും ഇസ്രഈലും സമാനമായ പല ശത്രുക്കളേയും നേരിടുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന സൈനിക നടപടികളെ ഇന്ത്യയിലെ വിവിധ നേതാക്കളും തന്ത്രജ്ഞരുമെല്ലാം അതീവ താത്പര്യത്തോടെയും സഹാനുഭൂതിയോടെയുമാണ് പരിഗണിക്കുന്നതെന്നും ഗസയില്‍ ഇസ്രഈലിന്റെ നിശ്ചയദാര്‍ഢ്യം മുംബൈ ഭീകരാക്രമണത്തിന് ശേഷം പലരേയും ചിന്തിപ്പിച്ചെന്നും എന്തുകൊണ്ട് ഇന്ത്യയ്ക്ക് അത് സാധിക്കുന്നില്ലെന്നും ലേഖനത്തില്‍ തരൂര്‍ ചോദിച്ചിരുന്നു.
ഫലസ്തീനിലും ഗസയിലുമായി ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കുരുതി പരാമര്‍ശിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ഈ ചോദ്യം. ലേഖനം വലിയ വിവാദമാകുകയും ഇതിന് പിന്നാലെ താന്‍ സ്വതന്ത്ര ഫലസ്തീന് അനുകൂലമാണെന്നും ഫലസ്തീന്‍ രാഷ്ട്രം തന്റെ സ്വപ്‌നമാണെന്നും പറഞ്ഞുകൊണ്ട് മാധ്യമം പത്രത്തില്‍ തരൂരിന് ലേഖനം എഴുതേണ്ടിയും വന്നു.
5. ആര്‍.എസ്.എസ് അന്നത്തേതില്‍ നിന്ന് മാറി
ഭരണഘടനയ്ക്കു പകരം ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും വേണ്ടിയിരുന്നത് മനുസ്മൃതി ആയിരുന്നെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കവേയായിരുന്നു ആര്‍.എസ്.എസ് അന്നത്തേതില്‍ നിന്ന് മാറിയെന്നാണ് താന്‍ വിചാരിക്കുന്നതെന്ന ശശി തരൂരിന്റെ പ്രസ്താവന.
ചരിത്രപരമായി, ഭരണഘടന നിലവില്‍ വന്ന സമയത്ത് ഉന്നയിക്കപ്പെട്ട ഒരു വിമര്‍ശനത്തേക്കുറിച്ചാണ് രാഹുല്‍ പരാമര്‍ശിച്ചതെന്നായിരുന്നു തരൂര്‍ പറഞ്ഞത്
മനുസ്മൃതിയിലെ യാതൊന്നുമില്ല എന്നതാണ് ഭരണഘടനയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് എന്ന് ഗോള്‍വാല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്നത്തെ കാലത്തുനിന്ന് ആര്‍.എസ്.എസ് മാറിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു തരൂര്‍ പറഞ്ഞത്.
Content Highlight: Five statements by Shashi Tharoor that support RSS, BJP and Narendra Modi