പാട്ന: ബീഹാറില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ഗ്രാമവാസികള്‍. അഞ്ച് പേരെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. ബീഹാറിലെ പൂർണിയയിലാണ് സംഭവം.
ബാബുലാല്‍ ഒറാവോണ്‍, സീതാ ദേവി, മഞ്ജീത് ഒറാവോണ്‍, റാനിയ ദേവി, തപ്തോ മോസ്മത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ അടുപ്പിച്ചുണ്ടായ ചില മരണങ്ങള്‍ക്കും രോഗങ്ങള്‍ക്കും പിന്നില്‍ ഇവരാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഈ ക്രൂരകൃത്യം ചെയ്തത്.
വീട്ടില്‍ അതിക്രമിച്ചെത്തിയ ഒരു സംഘം ആളുകള്‍ കുടുംബാംഗങ്ങളെ തല്ലിച്ചതച്ച് കത്തിക്കുകയായിരുന്നു. നാല് പേരുടെ മൃതദേഹങ്ങള്‍ സമീപത്തുള്ള കുളത്തില്‍ നിന്നാണ് ലഭിച്ചതെന്ന് പൂര്‍ണിയയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പങ്കജ് കുമാര്‍ ശര്‍മ പറഞ്ഞു.
അടുത്തിടെ ടെറ്റ്ഗാമ ഗ്രാമത്തിലെ രാംദേവ് ഒറാവോണിന്റെ മകന്‍ മരണപ്പെട്ടിരുന്നു. രാംദേവിന്റെ മറ്റൊരു മകനും രോഗബാധിതനായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ മന്ത്രവാദാരോപണം ഉയര്‍ത്തിയത്.
ആക്രമിക്കപ്പെട്ട കുടുംബത്തിലെ ഒരു കുട്ടിയാണ് ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചത്. നാട്ടുകാരുടെ ക്രൂരതയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട കുട്ടി മാനസികമായി ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇക്കാരണത്താല്‍ ഇതുവരെ നാട്ടുകാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ കൂട്ടക്കൊലക്കിരയായ കുടുംബത്തിന് നേരെ ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് നകുല്‍ കുമാര്‍ എന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൂര്‍ണിയയില്‍ നിലവില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല നടന്നിരിക്കുന്നത് ഒരു ആദിവാസി ഗ്രാമത്തിലാണെന്ന് പൂര്‍ണിയ പൊലീസ് സൂപ്രണ്ട് സ്വീറ്റി സെഹ്റാവത്ത് പ്രതികരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം സിവാനിലും കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പേരുടെ മരണമാണ് സിവാനില്‍ രേഖപ്പെടുത്തിയത്. ഭോജ്പൂരിലും മൂന്ന് പേര്‍ കൂട്ടക്കൊലക്കിരയായിരുന്നു.
എന്നാല്‍ ഈ കൊലപാതകങ്ങളിലെല്ലാം മുഖ്യമന്ത്രി നിതീഷ് കുമാര്‍ മൗനം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. കുറ്റവാളികള്‍ ജാഗ്രതയിലാണെന്നും മുഖ്യമന്ത്രി അബോധാവസ്ഥയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Content Highlight: Five people burnt to death in Bihar on charges of witchcraft