വളരെ കുറച്ച് ബജറ്റ് ചെലവഴിച്ച് കൂടുതല്‍ ലാഭമുണ്ടാക്കാനും എത്ര ചെലവാക്കിയാലും സിനിമ നന്നാക്കാനും ശ്രമിക്കുന്ന നിരവധി പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇന്ത്യയിലുണ്ട്. കഥയ്ക്ക് ആവശ്യമായ രീതിയില്‍ ബജറ്റ് ലഭിക്കുകയും അതിനെ കൃത്യമായി ഉപയോഗിച്ച് സിനിമ ഹിറ്റാക്കാനും കഴിയുന്ന ടെക്‌നീഷ്യന്മാരും ഇപ്പോള്‍ നിര്‍മാണരംഗത്തേക്കിറങ്ങിക്കഴിഞ്ഞു.
എന്നാല്‍ നിര്‍മിക്കുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് ഫ്‌ളോപ്പാവുക എന്ന അവസ്ഥ വളരെ കുറച്ച് പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മാത്രമേ നേരിടേണ്ടി വരുള്ളൂ. അത്തരത്തിലൊരു നിര്‍മാണക്കമ്പനിയാണ് കെ.വി.എന്‍ പ്രൊഡക്ഷന്‍സ്. കന്നഡയില്‍ നിന്നുള്ള ഈ പ്രൊഡക്ഷന് ഹൗസ് കഴിഞ്ഞവര്‍ഷമാണ് സിനിമാനിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്.
കന്നഡയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മറ്റ് ഭാഷകളിലും വമ്പന്‍ സിനിമകള്‍ നിര്‍മിക്കാന്‍ കെ.വി.എന്‍ തീരുമാനിച്ചു. എന്നാല്‍ കൈവെച്ച സിനിമകളെല്ലാം ഒന്നിനൊന്ന് പരാജയമായിരിക്കുകയാണ്. എല്ലാ സിനിമകളും വലിയ ബജറ്റിലാണ് ഒരുങ്ങിയത്. 2026ല്‍ കെ.വി.എന്‍ നിര്‍മിച്ച ആറില്‍ അഞ്ച് സിനിമകളും മുടക്കിയ പണം പോലും തിരിച്ചുകിട്ടാതെ കളംവിട്ടു.
കന്നഡ ചിത്രമായ കള്‍ട്ടായിരുന്നു ഈ വര്‍ഷം കെ.വി.എന്നിന്റെ ആദ്യ റിലീസ്. സൈദ് ഖാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. 10 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ കള്‍ട്ട് അഞ്ച് കോടി പോലും നേടാതെയാണ് കളംവിട്ടത്. തൊട്ടുപിന്നാലെയെത്തിയ കെ.ഡി. ദി ഡെവിളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ധ്രുവ് സര്‍ജയെ നായകനാക്കി 40 കോടിക്ക് മുകളില്‍ ചെലവഴിച്ച് ഒരുക്കിയ കെ.ഡി 23 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
വിജയ് നായകനായ ജന നായകന്‍ റിലീസ് വൈകുകയും ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്തത് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായി. 450 കോടിക്കടുത്ത് ചെലവഴിച്ച് നിര്‍മിച്ച ജന നായകന്‍ 150 കോടിയുടെ നഷ്ടമാണ് കെ.വി.എന്നിന് സമ്മാനിച്ചത്. തമിഴിലെ ആദ്യ നിര്‍മാണസംരംഭം തന്നെ കെ.വി.എന്നിന്റെ കൈപൊള്ളിച്ചു.
ജന നായകന്റെ നഷ്ടം ടോക്‌സിക് നികത്തുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. 650 കോടിക്ക് മേലെ ചെലവഴിച്ച് ഒരുക്കിയ ടോക്‌സിക് 300 കോടി നേടിയ ശേഷം കിതക്കുകയാണ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി ടോക്‌സിക് മാറി. ഏറ്റവുമൊടുവില്‍ റിലീസായ ഹിന്ദി ചിത്രം ഹയ്‌വാനും ബോക്‌സ് ഓഫീസില്‍ വീണു. ആകെ ഹിറ്റായത് മലയാളത്തില്‍ നിര്‍മിച്ച ബാലന്‍ മാത്രമാണ്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ സിനിമകള്‍ നിര്‍മിച്ച് പൊട്ടിച്ച അപൂര്‍വ നേട്ടം കെ.വി.എന്നിന് മാത്രമാണ്.
Content Highlight: Five out of six films produced by KVN Productions became flop