| Tuesday, 1st July 2025, 11:10 am

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള ചിന്ന കാമൻപട്ടി ഗ്രാമപ്രദേശത്ത് പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം.

ഇന്ന് ( ചൊവ്വാഴ്ച) പുലർച്ചെയുണ്ടായ സ്‌ഫോടനത്തിൽ ഒരു സ്ത്രീയുൾപ്പടെ അഞ്ച് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്ഫോടനത്തെ തുടർന്ന് വൻ തീപിടുത്തമുണ്ടായതായും ഫാക്ടറിയിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നതായും അകത്തു നിന്ന് തുടർച്ചയായി പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേട്ടതായും വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെയും വ്യക്തമല്ല. എത്രപേർ പടക്കശാലയുടെ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നതിൽ വ്യക്തത വന്നിട്ടില്ല.

തീ നിയന്ത്രണവിധേയമാക്കിയതായും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അഗ്നിശമന സേനാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ പടക്ക നിർമ്മാണ യൂണിറ്റിൽ എത്തിയ റവന്യൂ ഉദ്യോഗസ്ഥരും പോലീസും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

Content Highlight: Five dead, several injured in massive blast at firecracker factory in Tamil Nadu’s Sivakasi

We use cookies to give you the best possible experience. Learn more