| Monday, 9th June 2025, 10:50 am

ട്രെയിനില്‍ നിന്ന് വീണ് മുംബൈയില്‍ അഞ്ച് മരണം; അപകടം അമിത തിരക്ക് കാരണമെന്ന് റിപ്പോര്‍ട്ട്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങുമ്പോള്‍ പാളത്തില്‍ വീണാണ് അപകടം. മുംബ്ര, ദിവ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. പുഷ്പക് എക്‌സ്പ്രസും കസാര ലോക്കലും എതിര്‍ദിശയിലേക്ക് കടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്‌.

നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ട്രെയിനിലെ തിരക്ക് മൂലമാണ് അപകടം ഉണ്ടായതെന്നും റിപ്പേര്‍ട്ടുകളുണ്ട്.

ഛത്രപതി ശിവജി ടെര്‍മിനേലിലേക്ക് വരുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് ആളുകള്‍ ട്രാക്കിലേക്ക് വീണാണ് അപകടം പറ്റിയത്. ട്രെയിനില്‍ തിരക്ക് അധികമായതിനാല്‍ യാത്രക്കാരില്‍ പലരും ട്രെയിനിന്റെ വാതിലില്‍ പിടിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്.

മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണപ്പെട്ടവരില്‍ ജി. ആര്‍. പി (ഗവണ്മന്റ് റെയില്‍വേ പൊലീസ്) ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്‌ ചെയ്തു.

അപകടത്തില്‍ റെയില്‍വേ അന്വേഷണം നടത്തി വരികയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും അറിയിച്ചു.

Content Highlight: Five dead after falling from train  in Mumbai

We use cookies to give you the best possible experience. Learn more