| Tuesday, 18th August 2026, 4:30 pm

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദളിതരെ കസേരയിൽനിന്ന് ഇറക്കി നിലത്തിരുത്തിയ സംഭവം; രാജസ്ഥാനിൽ അഞ്ച് പേർക്കെതിരെ എഫ്‌.ഐ.ആർ

ശ്രീലക്ഷ്മി പി.പി

ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദളിത് വിഭാഗത്തിൽപ്പെട്ടവരെ കസേരയിൽനിന്ന് ഇറക്കി നിലത്തിരുത്തിയെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭക്ലിയ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ ഓഗസ്റ്റ് 15ന് നടന്ന ചടങ്ങിലാണ് സംഭവം.

രമേശ്വർലാൽ ബൈർവ (35), ഗോപിലാൽ ബൈർവ (37) എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചടങ്ങിനിടെ മറ്റ് സമുദായാംഗങ്ങൾക്കൊപ്പം കസേരയിൽ ഇരിക്കുകയായിരുന്ന തങ്ങളെ ചിലർ ജാതീയമായി അധിക്ഷേപിക്കുകയും കസേര ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി.

എഫ്‌.ഐ.ആർ പ്രകാരം, ഇരുവരുടെയും അടുത്തെത്തിയ അഞ്ചുപേർ ജാതിയുടെ പേരിൽ അധിക്ഷേപിക്കുകയും കസേരയിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. സ്‌കൂൾ വിദ്യാർഥികൾ, അധ്യാപകർ, ഗ്രാമവാസികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.

ഇരിപ്പിടവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്. അതേസമയം, തങ്ങളുടെ സമുദായത്തിൽപ്പെട്ട രണ്ട് സ്ത്രീകൾ അങ്കണവാടി വർക്കറായും ഹെൽപ്പറായും ജോലി ചെയ്യുന്ന പ്രാദേശിക അങ്കണവാടി കേന്ദ്രം അടച്ചുപൂട്ടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു.

എല്ലാ വർഷവും നിലത്താണ് ഇരിക്കാറുള്ളതെന്നും ഇത്തവണ കസേരകൾ ഉണ്ടായിരുന്നതിനാൽ അധ്യാപകൻ കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടെന്നും രമേശ്വർലാൽ പറഞ്ഞു. എന്നാൽ ചിലർ തങ്ങൾക്ക് മറ്റുള്ളവരോടൊപ്പം കസേരയിൽ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എതിർത്തതായും അദ്ദേഹം പറയുന്നു.

നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾക്കും കീഴിലാണ് അഞ്ച് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണവും വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും തുടരുകയാണ്.

Content Highlight:Five Booked for FIR in Rajasthan for Allegedly Forcing Dalits to Sit on Floor During Independence Day Function.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more