| Thursday, 13th November 2025, 10:53 am

ചെങ്കോട്ട സ്ഫോടനത്തിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെച്ചു; അസമിൽ അഞ്ച് പേർ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂർ: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രകോപനകരമായ പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്ന് അസമിൽ അഞ്ച് പേർ അറസ്റ്റിൽ.

മത്തിയുർ റഹ്മാൻ, ഹസൻ അലി മൊണ്ടൽ, അബ്ദുൾ ലത്തീഫ്, വജ്ഹുൽ കമാൽ, നൂർ അമീൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. സമാനമായ കേസിൽ ഏർപ്പെട്ടതിന് ജില്ലയിൽ 34 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ചെങ്കോട്ട സ്ഫോടനത്തെ കുറിച്ച് അപമാനിക്കുന്നതോ ആഘോഷിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കരുതെന്ന അസം മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

ചെങ്കോട്ട സ്‌ഫോടനത്തെ ചിരിക്കുന്ന ഇമോജികൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ചിലർ പരിഹസിച്ചെന്നും തീവ്രവാദ പിന്തുണക്കാർ എന്ന് വിളിച്ച് വദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും ഹിമന്ത പറഞ്ഞിരുന്നു.

‘ദൽഹിയിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ കുറ്റകരവും പ്രകോപനപരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് അഞ്ച് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു,’ ഹിമന്ത എക്സിൽ പറഞ്ഞു.

ഭീകരതയെ മഹത്വവൽക്കരിക്കുന്നവർക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം ജമ്മുകശ്മീർ പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുജന വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, സമാധാനം തകർക്കുന്നതോ ആയ ഉള്ളടക്കം പങ്കിടരുതെന്നാണ് ജമ്മു കശ്മീർ പോലീസിന്റെ നിർദേശം.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.

വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു പൊട്ടിത്തെറി. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ പതിയെ നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്.

Content Highlight: Five arrested in Assam for sharing provocative posts on Red Fort blast

We use cookies to give you the best possible experience. Learn more