| Sunday, 13th September 2026, 8:48 pm

ഇതുവരെയില്ലാത്ത പുതിയ കീഴ്‌വഴക്കം! ദേശീയഗാനത്തിന് മുമ്പേ വന്ദേ മാതരം ചൊല്ലി ടീം ഇന്ത്യ

ആദർശ് എം.കെ.

ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് മുമ്പ് വന്ദേ മാതരം ചൊല്ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലാണ് ദേശീയഗാനം മാത്രമെന്ന പതിവ് തെറ്റിച്ച് ഇന്ത്യന്‍ ടീം വന്ദേമാതരവും ചൊല്ലിയത്.

രാജ്യാന്തര മത്സരങ്ങളില്‍ സാധാരണയായി ദേശീയ ഗാനം മാത്രം ആലപിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും മാറിയുള്ള കീഴ്‌വഴക്കമാണിത്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് തൊട്ടുമുമ്പ് മൈതാനത്തേക്ക് എത്തിയ ഇരു ടീമുകളും അണിനിരന്ന ശേഷമാണ് സംഭവം.

ആദ്യം സ്‌റ്റേഡിയത്തില്‍ വന്ദേ മാതരം മുഴങ്ങിയപ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ അത് ഏറ്റുചൊല്ലുകയായിരുന്നു. തുടര്‍ന്ന് പതിവുപോലെ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനവും ആലപിച്ചു. രാജ്യത്ത് വന്ദേ മാതരത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദേശീയഗാനത്തിന് മുമ്പ് വന്ദേ മാതരവും ചൊല്ലിയത്.

ഇത് സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. 16പന്തില്‍ 12 റണ്‍സുമായി മുഹമ്മദ് നബിയും 16 പന്തില്‍ 12 റണ്‍സുമായി അസ്മത്തുള്ള ഒമര്‍സായ് യുമാണ് ക്രീസില്‍.

റഹ്മാനുള്ള ഗുര്‍ബാസ് (സില്‍വര്‍ ഡക്ക്), ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ (പത്ത് പന്തില്‍ 11), സെദ്ദിഖുള്ള അടല്‍ (13 പന്തില്‍ 13), ഗുല്‍ബദീന്‍ നായിബ് (ആറ് പന്തില്‍ രണ്ട്), ഡാര്‍വിഷ് റസൂലി (ആറ് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടപ്പെട്ടത്.

ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഒരാള്‍ റണ്‍ ഔട്ടുമായി.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദ്ദിഖുള്ള അടല്‍, ഗുല്‍ബദീന്‍ നായിബ്, ഡാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Content highlight:  First time ever: India sing Vande Mataram, then National Anthem before IND vs AFG 1st T20I

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more