| Friday, 13th March 2026, 6:13 pm

സ്‌ക്രീനില്‍ ദര്‍ശനയുടെയും ചാക്കോച്ചന്റെയും റൊമാന്‍സ്, കമന്റ് ബോക്‌സില്‍ ഫോണ്‍ ഓപ്പോയാണോ വണ്‍ പ്ലസാണോ എന്ന് ചര്‍ച്ച

അമര്‍നാഥ് എം.

അനൗണ്‍സ് ചെയ്ത സമയത്ത് സ്‌കൈ ലെവല്‍ ഹൈപ്പുണ്ടായിരുന്ന ചിത്രമായിരുന്നു പേട്രിയറ്റ്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതായിരുന്നു പേട്രിയറ്റിന്റെ ഹൈപ്പ് ഫാക്ടര്‍. എന്നാല്‍ ഇത്രയും വലിയൊരു പ്രൊജക്ടിന് വേണ്ടരീതിയില്‍ പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ പലരുടെയും പ്രതീക്ഷ കുറഞ്ഞിരിക്കുകയാണ്.

ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘കാറ്റു തൊട്ടപ്പോള്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ റൊമാന്റിക് ഗാനം ആദ്യകേള്‍വിയില്‍ തന്നെ പലരുടെയും ഇഷ്ടം പിടിച്ചുപറ്റി.

എന്നാല്‍ ഈ വീഡിയോ സോങ്ങിനെക്കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജേര്‍ണലിസ്റ്റ് വടക്കന്‍ എന്ന ഐ.ഡി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായി. പാട്ടിലുടനീളം ദര്‍ശന ഉപയോഗിക്കുന്ന ഫോണിനെക്കുറിച്ചാണ് പോസ്റ്റിലുള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയില്‍ സുഷിന്റെ സംഗീതത്തില്‍ ഒരു ഫോണിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല പരസ്യമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

പാട്ടും വിഷ്വലും ഗംഭീരമാണെങ്കിലും ദര്‍ശനയുടെ വീഡിയോ പിടിത്തം കൂടിപ്പോയെന്നും പോസ്റ്റില്‍ പറയുന്നു. കഥയില്‍ ദര്‍ശനയുടെ ഫോണിന് പ്രാധാന്യമുണ്ടായിരിക്കാമെന്നും എന്നാല്‍ ഇത്രയും ഷോട്ടില്‍ ഫോണിനെ ഫോക്കസ് ചെയ്തത് കൂടിപ്പോയെന്നും പോസ്റ്റിലുണ്ട്. സാധാരണ ഇത്തരം പാട്ടുകളില്‍ ഐഫോണാണ് കാണാറുള്ളതെന്നും ഈ പാട്ടില്‍ അത് ഉപയോഗിക്കാത്തത് ക്ലീഷേ ബ്രേക്കിങ്ങാണെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ കമ്പനിക്കാരുടെ അടുത്ത് നിന്ന് നിര്‍മാതാവ് ആന്റോ ജോസഫ് പൈസ വാങ്ങിയിട്ടാകും ഈ പാട്ട് ഷൂട്ട് ചെയ്തതെന്ന് പരിഹസിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിച്ചത്. പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളുമുണ്ട്. സിനിമ റിലീസായതിന് ശേഷം വിമര്‍ശിച്ചാല്‍ പോരെ എന്നാണ് പലരും ചോദിക്കുന്നത്.

പാട്ട് ശ്രദ്ധിക്കാന്‍ മറന്നുപോയെന്നും ഫോണിന്റെ മോഡല്‍ ഏതാണെന്ന് അന്വേഷിച്ച് സമയം കളഞ്ഞെന്നും മറ്റൊരാള്‍ കമന്റ് പങ്കുവെച്ചു. ഓപ്പോയാണോ വണ്‍ പ്ലസാണോ എന്നാണ് പലരും ചര്‍ച്ച ചെയ്യുന്നത്. ഇന്‍ഡസ്ട്രിയിലെത്തി 27 വര്‍ഷമായിട്ടും ഇപ്പോഴും ഗംഭീരമായി റൊമാന്‍സ് ചെയ്യുന്ന കുഞ്ചാക്കോ ബോബനെയും പലരും അഭിനന്ദിക്കുന്നുണ്ട്.

Content Highlight: First song in Patriot movie getting criticism that look likes ad film

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more