| Friday, 10th April 2026, 11:00 pm

സിനിമയുടെ ഇടയില്‍ ഫോണ്‍ നോക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നായകന്‍, ഇതുവരെ കാണാത്ത ക്രേസി നസ്‌ലെന്‍ ലോഡിങ്

അമര്‍നാഥ് എം.

മലയാളത്തിലെ അപ്കമിങ് സെന്‍സേഷനെന്ന് സിനിമാപ്രേമികള്‍ വിശേഷിപ്പിക്കുന്ന നടനാണ് നസ്‌ലെന്‍. സഹനടനായാണ് കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് മോളിവുഡില്‍ വലിയൊരു സ്റ്റാര്‍ഡം നസ്‌ലെന്‍ കെട്ടിപ്പടുക്കുകയായിരുന്നു. മോഹന്‍ലാലിന് ശേഷം സോളോ 100 കോടി എന്ന നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസ്‌ലെന്‍ നായകനാകുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നസ്‌ലെന്‍ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ മോളിവുഡ് ടൈംസിലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘അപ്‌നാ ഫ്രൈഡേ ആയേഗാ’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തില്‍ പുതിയ ഗെറ്റപ്പിലാണ് നസ്‌ലെന്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ചെറുപ്പക്കാരനായാണ് നസ്‌ലെന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നതെന്ന് പുറത്തിറങ്ങിയ ഗാനം സൂചന നല്‍കുന്നുണ്ട്.

എന്നാല്‍ പാട്ടില്‍ എല്ലാവരും ചര്‍ച്ച ചെയ്തത് അവസാനത്തോടടുക്കുമ്പോഴുള്ള ഭാഗമാണ്. തിയേറ്ററില്‍ ആളുകള്‍ സിനിമ ആസ്വദിക്കുന്നത് കാണാന്‍ എത്തുന്ന നായകന്‍ കാണുന്നത് എല്ലാവരും ഫോണില്‍ മുഴുകി ഇരിക്കുന്നതാണ്. ഇതില്‍ ദേഷ്യം വരുന്ന നായകന്‍ ഒരു തോക്കുമായി വന്ന് എല്ലാവരെയും വെടിവെച്ച് കൊല്ലുന്നതാണ് കാണിക്കുന്നത്.

തിയേറ്ററില്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാണിക്കാത്ത ഇത്തരം കൂട്ടര്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നാറുണ്ട്. ഇങ്ങനെയുള്ള ആളുകളെ കൊല്ലാന്‍ മടിക്കാത്തയാളാണ് നായകനെന്ന് കാണിച്ചിരിക്കുകയാണ് അഭിനവ് സുന്ദര്‍ നായക്. നസ്‌ലെന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് മോളിവുഡ് ടൈംസെന്ന് ഏറെക്കുറെ ഉറപ്പായി.

‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. 2025ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന് വേണ്ടി മാത്രം മൂന്ന് മാസത്തിലധികം ചെലവാക്കിയിരിക്കുകയാണ്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ പറഞ്ഞ ദിവസത്തില്‍ നിന്ന് റിലീസ് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Content Highlight: First single in Mollywood times movie out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more