ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ രാമായണ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് പ്രേക്ഷകരിലേക്കെത്തിയത്. 1500 കോടിക്ക് മുകളിലാണ് ഒന്നാം ഭാഗത്തിനായി ചെലവായത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത പ്രൊമോഷനുകളും അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു.
പലയിടത്തും അതിരാവിലെ തന്നെ ചിത്രത്തിന്റെ ആദ്യ ഷോ നടന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ തരക്കേടില്ലാത്ത പ്രതികരണങ്ങളാണ് രാമായണക്ക് ലഭിക്കുന്നത്. ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി പലരും എടുത്തുപറയുന്നത് രാവണനായി വേഷമിട്ട യഷിന്റെ പ്രകടനമാണ്. വളരെ കുറച്ച് സ്‌ക്രീന്‍ ടൈമേ ഉള്ളുവെങ്കിലും യഷ് തന്റെ ഭാഗം ഗംഭീരമാക്കിയെന്നാണ് പ്രതികരണങ്ങള്‍.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍ കപൂറിനെപ്പോലും സൈഡാക്കാന്‍ യഷിന് സാധിച്ചെന്നും ആദ്യ ഷോയ്ക്ക് ശേഷം പലരും അഭിപ്രായപ്പെടുന്നു. തുടക്കത്തിലെ 15 മിനിറ്റില്‍ കാണിക്കുന്ന യുദ്ധരംഗങ്ങള്‍ ഗംഭീരമാണെന്നും പിന്നീട് ഡ്രാമ ഴോണറിലേക്ക് പോകുന്നത് ചെറിയ മടുപ്പ് സമ്മാനിച്ചെന്നും റിവ്യൂകളില്‍ പറയുന്നു. ഒന്നേ മുക്കാല്‍ മണിക്കൂറാണ് ചിത്രത്തിന്റെ ആദ്യപകുതിയുടെ ദൈര്‍ഘ്യം.
ട്രെയ്‌ലറും ടീസറും പുറത്തുവന്ന സമയത്ത് ഏറ്റവുമധികം വിമര്‍ശനം കേട്ട വി.എഫ്.എക്‌സ് പോര്‍ഷന്‍ തിയേറ്ററിലെത്തിയപ്പോള്‍ മികച്ച അനുഭവം സമ്മാനിച്ചെന്നും കമന്റുകളുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമക്ക് തരക്കേടില്ലാത്ത റിപ്പോര്‍ട്ട് ലഭിച്ചത് നിര്‍മാതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഫസ്റ്റ് ഷോ റെസ്‌പോണ്‍സിന് പിന്നാലെ ബുക്കിങ്ങിലും രാമായണ മുന്നേറുന്നുണ്ട്.
രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും തരക്കേടില്ലാത്ത പെര്‍ഫോമന്‍സ് കാഴ്ചവെച്ചെന്നും പ്രേക്ഷകര്‍ പ്രതികരിക്കുന്നു. അനൗണ്‍സ്‌മെന്റിന്റെ സമയം മുതല്‍ ഏറ്റവുമധികം ഹേറ്റ് നേരിട്ടത് ഇവര്‍ രണ്ടുപേരുമായിരുന്നു. വിമര്‍ശനത്തിന് ഇടയാക്കാത്ത വിധം ഇരുവരും തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്രയും വലിയ ബജറ്റ് ചെലവഴിച്ചതിനാല്‍ നിര്‍മാതാക്കള്‍ക്ക് ചിത്രം ലാഭമാകണമെങ്കില്‍ മിനിമം 2800 കോടിയെങ്കിലും ആവശ്യമാണ്. ദീപാവലി സീസണായതിനാല്‍ നോര്‍ത്ത് ഇന്ത്യയില്‍ വലിയ മുന്നേറ്റം നടത്തുമെന്നും ആയിരം കോടി എന്ന മാന്ത്രിക സംഖ്യ നേടുമെന്നും ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നുണ്ട്. ഓവര്‍സീസില്‍ ചിത്രം ലാഭമാകണമെങ്കില്‍ 600 കോടിയിലേറെ നേടണം.
Content Highlight: First show responses saying Yash’s performance saved Ramayana movie