കോപ്പന്‍ഹേഗ്: ഡെന്‍മാര്‍ക്കിനെതിരെ അധിനിവേശത്തിനൊരുങ്ങിയാല്‍ കര്‍ശനമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപിന് മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്.
‘ആദ്യം വെടിവെക്കുക, പിന്നീട് ചോദ്യങ്ങള്‍ ചോദിക്കുക എന്ന ഉത്തരവ് തങ്ങളുടെ സൈനികര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1952ലെ നിയമമനുസരിച്ച് വിദേശ ആക്രമണങ്ങള്‍ ഉണ്ടായാല്‍ രാഷ്ട്രീയ അനുമതിക്കോ ഔപചാരിക ഉത്തരവുകള്‍ക്കോ കാത്തുനില്‍ക്കാതെ ഉടനടി പ്രതികരിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അധിനിവേശ സേന ആരായാലും ഈ വ്യവസ്ഥ ബാധകമാണെന്നും ഡാനിഷ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡെന്‍മാര്‍ക്ക് ഭരണത്തിന് കീഴിലുള്ള നാറ്റോ രാജ്യമായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ട്രംപ് നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡെന്‍മാര്‍ക്കിന്റെ പ്രസ്താവന.
ആര്‍ട്ടിക്ക് ദ്വീപ് പിടിച്ചെടുക്കാന്‍ സൈനിക നീക്കം മാത്രമാണ് ആകെയുളള ഉപാധിയെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുന്‍ഗണനയാണെന്നും ആര്‍ട്ടിക്ക് മേഖലയിലെ എതിരാളികളെ തടയേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു ട്രംപിന്റെ വാദം.
ഗ്രീന്‍ലാന്‍ഡിനും ഡെന്‍മാര്‍ക്കിനുമെതിരായ യു.എസ് നടപടിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു.
ഏതെങ്കിലുമൊരു നാറ്റോ രാജ്യത്തിനെതിരായി യു.എസ് സൈനിക നടപടി സ്വീകരിച്ചാല്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളുടെയും അവസാനമായിരിക്കുമെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡെറിക്‌സെന്‍ തിങ്കളാഴ്ച ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ഭീഷണിക്കെതിരെ ഡെന്‍മാര്‍ക്ക് വില്‍ക്കാനുള്ളതല്ലെന്നായിരുന്നു ഡെന്‍മാര്‍ക്ക് തിരിച്ചടിച്ചത്.
Content Highlight: First shoot, then ask questions; Denmark warns Trump