നടനായും എഡിറ്ററായും മലയാള സിനിമയില്‍ സജീവമാണ് സംഗീത് പ്രതാപ്. ‘പ്രേമലു’വിന് ശേഷം അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും എഡിറ്റിങ്ങിനോടുള്ള തന്റെ ഇഷ്ടം കുറഞ്ഞിട്ടില്ലെന്ന് പറയുകയാണ് താരം.
പ്രേമലുവിന് ശേഷം തനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ എഡിറ്റ് ചെയ്യാനുള്ള അവസരങ്ങള്‍ ലഭിച്ചെന്നും എത്രയും പെട്ടെന്ന് എഡിറ്റിങ്ങിലേക്ക് തിരിച്ചെത്താനും സംവിധാനത്തിലേക്ക് കടക്കാനും ആഗ്രഹമുണ്ടെന്നും സംഗീത് പ്രതാപ് പറയുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ പൂര്‍ണമായും റൂട്ടഡ് ആയിരിക്കുന്നത് അഭിനയത്തിലാണെന്നും താരം പറഞ്ഞു.
‘എഡിറ്റിങ്ങിലേക്ക് തിരിച്ചുവരുമോ എന്ന് ചോദിച്ചാല്‍, എഡിറ്റിങ് പാഷനായി കൊണ്ടുപോയിരുന്ന സമയത്തൊന്നും എനിക്ക് മറ്റ് ഓപ്ഷനുകളുണ്ടായിരുന്നില്ല. വരുന്ന സിനിമകളെല്ലാം ചെയ്തുപോകുക എന്നതായിരുന്നു അന്നത്തെ വഴി. പിന്നീട് അഭിനയത്തിലേക്ക് വന്നപ്പോള്‍ ഒരു കരിയര്‍ ഓപ്ഷന്‍ കൂടി ലഭിച്ചു. ഇവിടെ ഒരു ജോലിയുണ്ടല്ലോ എന്ന സമാധാനം വന്നു. അതോടെ പാഷനില്‍ ഏറ്റവും ഇഷ്ടമുള്ള വര്‍ക്കുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിച്ചു.
പ്രേമലുവിന് ശേഷമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ എഡിറ്റ് ചെയ്യാന്‍ വന്നത്. അഭിനയിക്കാന്‍ തുടങ്ങിയതോടെ എഡിറ്റിങ് ജോലികള്‍ കുറയുമെന്നാണ് എല്ലാവരും കരുതുക. പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല, ഒരുപാട് സിനിമകള്‍ ഒന്നിച്ച് എഡിറ്റ് ചെയ്യാനുള്ള അവസരം വന്നു.
എനിക്ക് ആവശ്യമുള്ളതും ഇഷ്ടമുള്ളതുമായ ജോലികള്‍ മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു പ്രിവിലേജ് എവിടെയോ ദൈവാനുഗ്രഹം കൊണ്ട് ലഭിച്ചിട്ടുണ്ട്. അങ്ങനെയാണ് സര്‍കീട്ട് ചെയ്തത്. അത് വളരെ ആഗ്രഹിച്ച് ചെയ്ത സിനിമയാണ്.
എഡിറ്റിങ്ങിനെ ഇനി ഒരു പാഷനായി മാത്രം കാണാതെ പ്രൊഫഷണലായി മുന്നോട്ടുകൊണ്ടുപോകേണ്ട സമയം വരുമോയെന്ന് അറിയില്ല. ചിലപ്പോള്‍ അങ്ങനെയൊരു സമയവും വന്നേക്കാം.
അഭിനയത്തേക്കാള്‍ പാഷന്‍ എഡിറ്റിങ്ങാണോ എന്ന ചോദ്യത്തിന് കൃത്യമായൊരു മറുപടി പറയാന്‍ കഴിയില്ല. കാരണം, അതെനിക്ക് കുറച്ച് കണ്‍ഫ്യൂസിങ്ങാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഒരു നടനെന്ന നിലയില്‍ സ്വന്തമായൊരു അടയാളം ഉണ്ടാക്കണമെന്നാണ്.
ഞാന്‍ മെഡിക്കല്‍ മിറാക്കിള്‍ സിനിമയുടെ ട്രെയിലര്‍ മിക്‌സ് കാണാന്‍ മിക്‌സിങ് തിയേറ്ററില്‍ പോയിരുന്നു. അതായിരുന്നു നമ്മുടെ ലോകം. അവിടെ നിന്നപ്പോള്‍ എനിക്ക് തോന്നി, എത്രയും പെട്ടെന്ന് ഒരു സിനിമ എഡിറ്റ് ചെയ്യണം, സംവിധാനത്തിലേക്ക് കടക്കണം എന്നൊക്കെ. പക്ഷേ, ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അഭിനയത്തില്‍ തന്നെയാണ്’, സംഗീത് പ്രതാപ് പറഞ്ഞു. ആദ്യ സാലറിയെ കുറിച്ചുള്ള ചോദ്യത്തിന് അത് 3000 രൂപയായിരുന്നെന്നും സംഗീത് പറയുന്നുണ്ട്.
Content Highlight: First Salary Was 3,000; After Premalu, I Got Offers to Edit Several Films: Says Sangeeth Prathap