| Friday, 7th August 2026, 1:14 pm

വിസ്മയത്തുടക്കം, കാമിയോ റോളില്‍ സീന്‍ തൂക്കി ലാലേട്ടന്‍; ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണവുമായി തുടക്കം

അശ്വിന്‍ രാജേന്ദ്രന്‍

ഓഗസ്റ്റില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിലെത്തിയ തുടക്കം. 2018 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിലുപരി മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകള്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സിനിമയില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍.

Photo: District

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോകള്‍ അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് തുടക്കം കണ്ടിറങ്ങിയവരില്‍ നിന്നും പുറത്തുവരുന്നത്. വിസ്മയയുടെ തുടക്കം നന്നായിട്ടുണ്ടെന്നും തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന ചിത്രമാണ് തുടക്കമെന്നും പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ കാമിയോ റോളിലെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഗംഭീരമാണെന്നും പ്രതികരണമുണ്ട്. മോഹന്‍ലാലിന്റെ വലിയ ആരാധകനായ ജൂഡ് ആന്തണി ജോസഫ്, താരത്തെ അവതരിപ്പിച്ചിരിക്കുന്നത് മനോഹരമായിട്ടാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

തുടക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളില്‍ കണ്ട വിസ്മയയെ അല്ല ചിത്രത്തില്‍ കണ്ടതെന്നും മാര്‍ഷ്യല്‍ ആര്‍ട്‌സിലൂടെ താരം ഞെട്ടിച്ചെന്നുമാണ് ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം പറയുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ പോലെ ഒരു ആക്ഷന്‍ ത്രില്ലറായി ചിത്രം തോന്നിയെന്നും അടുത്ത ബ്ലോക്ക് ബ്ലാസ്റ്ററാണ് ചിത്രമെന്നും കമന്റുകളുണ്ട്. ആശിഷ് ആന്റണി ഗംഭീര പെര്‍േെഫാമന്‍സാണ് കാഴ്ചവെച്ചതെന്നും മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ എലമെന്റുകളും ചിത്രത്തിന്റെ രണ്ടാം പകുതിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Photo; The Hindu

ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സായി കുമാര്‍, ചിപ്പി രഞ്ജിത്ത്, ബോബി കുര്യന്‍, മനോജ് കെ.ജയന്‍, ഗണേശ് കുമാര്‍, കോട്ടയം രമേശ്, ജയ കുറുപ്പ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: First Response of Vismaya Mohanlal Starrer Thudakkam

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more