ഓണത്തിന് റിലീസിനൊരുങ്ങുന്ന വെടിക്കെട്ട് പടങ്ങള്‍ക്ക് മുമ്പ് തന്നെ പൃഥ്വിരാജ് ഒരുക്കുന്ന ഒരു സാമ്പിള്‍ വെടിക്കെട്ട് എന്ന സവിശേഷതയോടെയാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത ഐ നോബഡി ഇന്ന് (വ്യാഴം) തിയേറ്ററുകളിലേക്കെത്തിയത്. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിസാം ബഷീറിന്റെ മൂന്നാമത്തെ ചിത്രമെന്ന നിലയിലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമെന്ന നിലയിലും ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
ഐ നോബഡി. Photo: District
ഇപ്പോഴിതാ പ്രതീക്ഷകളെയെല്ലാം ശരിവെച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യ ഷോ അവസാനിച്ച മുതല്‍ തന്നെ പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യ സീന്‍ മുതല്‍ കത്തിക്കയറുന്ന, ആളുകളെ പിടിച്ചിരുത്തുന്ന കഥാഗതിയാണ് ചിത്രത്തിന്റേതെന്നും, സിനിമയുടെ ഒരു ഘട്ടത്തിലും ലാഗ് അനുഭവപ്പെടുന്നില്ലെന്നുമാണ് പ്രതികരണം. സമീര്‍ അബ്ദുല്ലയുടെ ഗംഭീര തിരക്കഥയില്‍ നിസാം ബഷീര്‍ മികച്ച സാങ്കേതിക തികവില്‍ ചിത്രം ഒരുക്കിയപ്പോള്‍ മലയാള സിനിമയ്ക്ക് മറ്റൊരു കിടിലന്‍ പടമാണ് ലഭിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നു. മികച്ച സംവിധായകനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ പൃഥ്വിരാജ് തന്റെ നൂറ് ശതമാനവും ചിത്രത്തിനായി നല്‍കിയിട്ടുണ്ടെന്നും ആദ്യ ഷോ കണ്ടിറങ്ങിയവര്‍ പറഞ്ഞു.
ചിത്രത്തിന്റെ ഗ്രാഫ് ഒരു ഘട്ടത്തിലും താഴേക്ക് പോകുന്നില്ലെന്നും ജേക്ക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വാദനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും കമന്റുകളുണ്ട്. അപ്‌ഡേറ്റുകളിലൊന്നും ചിത്രത്തെ കുറിച്ച് കൂടുതല്‍ സൂചന നല്‍കാതിരുന്നത് മനപൂര്‍വമാണെന്നും ഇത് ചിത്രത്തിന്റെ ആസ്വാദനത്തില്‍ സഹായിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ കൂടുതല്‍ ഒന്നും അറിയാതെ തന്നെ ചിത്രം കാണാന്‍ പോകുന്നതാണ് നല്ലതെന്നും നിര്‍ദേശമുണ്ട്.
Content Highlight: First response of prithviraj movie I Nobody