ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2021ല്‍ ദൃശ്യം 2 പുറത്തിറങ്ങിയത് മുതല്‍ മലയാളി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ദൃശ്യം 3. ജോര്‍ജ് കുട്ടിയെന്ന നാലാം ക്ലാസുകാരനും കുടുംബത്തിനും എന്ത് സംഭവിച്ചു എന്നറിയാന്‍ വേണ്ടി ലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നത് മലയാളത്തിന്റെ അതുല്യ കലാകാരന്‍ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആണെന്നതും ചിത്രത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാക്കി മാറ്റിയിരുന്നു.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളായ ബുക്ക് മൈ ഷോയിലടക്കം ചുവപ്പ് ലൈറ്റ് തെളിയിച്ചു കൊണ്ടായിരുന്നു ദൃശ്യം 3 വരവറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോ അവസാനിക്കുമ്പോേള്‍ മികച്ച പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ആദ്യ രണ്ട് ഭാഗങ്ങളോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ എന്ന മഹാനടന്റെ ജന്മദിനത്തില്‍ നല്‍കാന്‍ പറ്റിയ ഏറ്റവും മികച്ച സമ്മാനമാണിതെന്നും പലരും അഭിപ്രായമറിയിക്കുന്നു.
ദൃശ്യം. Photo: Wikipedia
ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍ ഇമോഷന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഇത്തരത്തില്‍ ചിത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ചിത്രം മികച്ച അനുഭവമായി തീരുമെന്നും പ്രതികരണമുണ്ട്. ചിത്രത്തിലെ പല കാര്യങ്ങളും പുറത്തുപറഞ്ഞാല്‍ സ്‌പോയിലര്‍ ആയേക്കാം എന്നതുകൊണ്ട് തന്നെ പല പ്രതികരണങ്ങളും അവഗണിക്കാനാണ് ചിത്രം കാണാത്തവര്‍ ശ്രമിക്കുന്നത്.
അതേസമയം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം ചിത്രം ശരാശരിക്ക് താഴെ മാത്രമാണെന്ന് അറിയിച്ചുകൊണ്ടും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിലെ ഏറ്റവും മോശം ചിത്രമാണ് ദൃശ്യം 3യെന്നും അഭിപ്രായമുയരുന്നുണ്ട്. ജീത്തുവിന്റെ സീരിയല്‍ ലെവല്‍ മേക്കിങ് ചിത്രത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നും പല സമയത്തും കാണുന്നത് സിനിമയാണെന്ന് മറന്നുപോകുന്നുണ്ടെന്നും വിമര്‍ശനമുണ്ട്.
ദൃശ്യം 3. Photo: X.com
എന്നാല്‍ ആദ്യ മണിക്കൂറുകളില്‍ വരുന്ന പ്രതികരണങ്ങളെ വിശ്വസിക്കേണ്ടതില്ലെന്നും ദൃശ്യം 3 പോലുള്ള ചിത്രം മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ എത്രയും വേഗം തിയേറ്ററുകളില്‍ പോയി കാണാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതീക്ഷിച്ച പോലെ ചിത്രത്തിന് അനുകൂലമായി കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ മലയാള സിനിമയിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ചിത്രത്തിനാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
Content Highlight: First response of Drishyam 3 out